എറണാകുളം: തൃക്കാക്കര മുസ്ലീംലീഗ് നേതാവിൻ്റെ മകന്‍റെ സ്വർണക്കടത്തിലെ പങ്കിനെ പറ്റിയുള്ള പുറത്തുവന്ന വിവരങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്തെല്ലാമാണ് നടന്നതെന്ന് അന്വേഷണത്തിൽ പുറത്തുവരേണ്ട കാര്യമാണ്. കേരളത്തിൽ ലീഗിൻ്റെ തണലിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
ലീഗ് ആണെങ്കിൽ എസ് ഡി പി ഐ പോലുള്ള വർഗീയ ശക്തികളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇത് ആർഎസ്എസിനെ സഹായിക്കുന്ന നിലപാടാണ്. ജയിംസ് മാത്യു പാർട്ടി പ്രവർത്തനം പൂർണമായി നിർത്തുന്നു എന്ന് ഇതുവരെ അറിയിച്ചിട്ടില്ല എന്നും കോടിയേരി പറഞ്ഞു.
അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരമാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്.
ജില്ലാ കമ്മറ്റിയിൽ പ്രവർത്തിക്കാം എന്നാണ് ജയിംസ് മാത്യു നേരത്തെ പറഞ്ഞിരുന്നത്. കെ.വി.തോമസിന്‍റെ കാര്യം അദേഹം തീരുമാനിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് ചേരുന്ന സിപിഎം എറണാകുളം ജില്ല കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് കോടിയേരി ബാലകൃഷ്ണൻ ലെനിൻ സെന്‍ററില്‍ എത്തിയത്. പാർട്ടി സ്ഥാനാർഥിയെ കുറിച്ചുള്ള നിർണായക ചർച്ചകളും യോഗത്തിൽ നടക്കും. വൈകിട്ട് തൃക്കാകര മണ്ഡലത്തിൽ ഉൾപ്പെടുന്ന ബൂത്ത് ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന സെക്രട്ടറി പങ്കെടുക്കും.