എറണാകുളം: കൊടകര കുഴൽപ്പണ കവര്‍ച്ച കേസിൽ അന്വേഷണ സംഘം 22 പേർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. 625 പേജുള്ള കുറ്റപത്രം ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. കെ സുരേന്ദ്രനും മകനും ഉൾപ്പടെ 19 ബി.ജെ.പി നേതാക്കൾ ഈ കേസിൽ സാക്ഷികളാണ്. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിലുള്ളത്.
ധർമരാജൻ സുരേന്ദ്രന്‍റെയും ഗണേശന്‍റെയും അടുപ്പക്കാരൻ
കള്ളപ്പണം ബെംഗളൂരുവിൽ നിന്നാണ് എത്തിച്ചത്. കേരളത്തിലേക്ക് എത്തിയത് കെ. സുരേന്ദ്രന്‍റെ അറിവോടെയാണ്. കള്ളപ്പണം കേരളത്തിലേക്ക് കൊണ്ടുവന്ന ധർമരാജൻ സുരേന്ദ്രന്‍റെയും ബി.ജെ.പി സംഘടന സെക്രട്ടറി എം. ഗണേശന്‍റെയും അടുപ്പക്കാരനാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ മാർഗനിർദേശങ്ങള്‍ക്ക് വിരുദ്ധമായി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പണം ചെലവഴിച്ചു.
പകർപ്പ് ഇ.ഡിയ്‌ക്കും ഇന്‍കം ടാക്സിനും നല്‍കും
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കേസിൽ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണ ഉറവിടം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നിർദേശവും ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിന്‍റെ പകർപ്പ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനും ആദായ നികുതി വകുപ്പിനും കൈമാറുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ആസൂത്രണവും നടന്നത് തലശേരിയിൽ വെച്ച്
കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽ സംഘം കവർന്നത്. ഇതിൽ ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തു. ബാക്കി തുക കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കവർച്ചയുടെ ഗൂഢാലോചനയും ആസൂത്രണവും നടന്നത് തലശേരിയിൽ വെച്ചാണ്.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകത്തിൽ നിന്നും കേരളത്തിലെത്തിച്ച് വിവിധ ജില്ലകളിലായി വിതരണം ചെയ്തത് 40 കോടി രൂപയാണ്. പതിനേഴ് കോടി നേരിട്ടും 23 കോടി രൂപ കോഴിക്കോടുള്ള ഹവാല ഏജന്‍റുമാര്‍ വഴിയുമാണ് എത്തിച്ചത്. മൂന്നാം സാക്ഷി ധനരാജിന്‍റെ നേതൃത്വത്തിൽ എത്തിച്ച 4.4 കോടി രൂപ സേലത്ത് വെച്ചും, 3.5 കോടി കൊടകരയിൽ വെച്ചും കവർച്ച ചെയ്യപ്പെട്ടുവെന്നും കുറ്റപത്രത്തിൽ പറയുന്നു.