എറണാകുളം: കൊച്ചി വാട്ടർ മെട്രോ തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിന്‍റെയും ടെർമിനലുകളുടെയും ഉദ്ഘാടനമാണ് വൈറ്റില വാട്ടർ മെട്രോ ടെർമിനലിൽ വച്ച് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നത്. നിർമാണം പൂർത്തിയായ പനംകുറ്റി പുതിയ പാലം, കനാൽ നവീകരണ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും.
വൈറ്റില മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് വാട്ടർ മെട്രോയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. മാർച്ച് മുതൽ വാട്ടർ മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കെ.എം.ആർ.എൽ ആണ് വാട്ടർ മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മെട്രോ സ്റ്റേഷനുകൾക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകൾ ആണ് വാട്ടർ മെട്രോയ്ക്കും നിർമ്മിക്കുന്നത്. 78.6 കിലോമീറ്ററിൽ 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവ്വീസ് നടത്തുക. 38 സ്റ്റേഷനുകൾ ആവും മെട്രോയ്‌ക്ക് ഉണ്ടാവുക. 678 കോടി രൂപയാണ് പദ്ധതി ചെലവ്.