എറണാകുളം : കൊച്ചി വാട്ടർ മെട്രോയ്ക്ക് സുരക്ഷയൊരുക്കാൻ എമർജൻസി റെസ്പോൺസ് ബോട്ടായ 'ഗരുഡ' എത്തി. പോണ്ടിച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൾട്രാ മറൈൻ യോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബോട്ട് നിർമിച്ചത്. ഗരുഡ എന്ന് പേരിട്ടിരിക്കുന്ന ബോട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) പ്രൊജക്‌ട്സ് ഡയറക്‌ടർ ഡോ.എം.പി രാംനവാസാണ് നിർമാണ കമ്പനിയിൽ നിന്ന് ഏറ്റുവാങ്ങിയത്.
എന്താണ് 'ഗരുഡ'? : ഐആർഎസ് ക്ലാസിഫിക്കേഷൻ സൊസൈറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ 16 മീറ്റർ കാറ്റമറാൻ ബോട്ട് നിർമിച്ചിരിക്കുന്നത്. വാട്ടർ മെട്രോ ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും സർവീസ് സപ്പോർട്ടിനും അത്യാവശ്യഘട്ടങ്ങളിൽ ആവശ്യമായേക്കാവുന്ന രക്ഷാപ്രവർത്തനങ്ങൾക്കും ഗരുഡ സഹായകരമാകും. 18 നോട്സ് വേഗതയിൽ സഞ്ചരിക്കാവുന്ന ഈ ബോട്ട് മറൈൻ ആംബുലൻസായും ഉപയോഗിക്കാം. ഇതിനുതകുന്ന രീതിയിൽ ആധുനിക മെഡിക്കൽ ഉപകരണങ്ങളും ഗരുഡയിൽ സജ്ജീകരിച്ചിട്ടുണ്ട്.
മാത്രമല്ല, കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട സർവീസ് ആരംഭിക്കാനിരിക്കെയാണ് സുരക്ഷാബോട്ട് സജ്ജമാക്കിയത്. കൊച്ചി വാട്ടർ മെട്രോ വൈപ്പിൻ - ഹൈക്കോടതി റൂട്ടിൽ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി കെഎംആർഎൽ സർക്കാറിനെ അറിയിച്ചിരുന്നു. സർക്കാർ തീരുമാനമനുസരിച്ചായിരിക്കും വാട്ടർ മെട്രോ സർവീസ് ആരംഭിക്കുക. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ.
ഇന്‍റര്‍നാഷണല്‍ ഈ 'വാട്ടര്‍ മെട്രോ' : അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളും ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും, 50 പേർക്ക് ഇരിക്കാൻ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി ഉപയോഗിക്കുക. കൊച്ചിൻ ഷിപ്പ് യാർഡ് നിർമിച്ച അഞ്ച് ബോട്ടുകൾ ഇതിനകം വാട്ടർ മെട്രോയ്ക്ക് കൈമാറിയിട്ടുണ്ട്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഇവയ്ക്കുണ്ട്.
ബാറ്ററിയില്‍ ഓടും : ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല ആരംഭിക്കുന്നത്. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഈ ബോട്ടുകളിൽ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ഇവ ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. പശ്ചിമ കൊച്ചിയിൽ നിന്നും വൈപ്പിൻ ദ്വീപുകളിൽ നിന്നും സുരക്ഷിതമായി നഗരത്തിൽ വേഗത്തിൽ എത്തിച്ചേരാനും നഗരത്തിൽ നിന്നും കൊച്ചിയുടെ വിവിധ മേഖലകളിലേക്ക് തടസങ്ങളില്ലാത്ത യാത്രയ്ക്കുമാണ് വാട്ടർ മെട്രോ അവസരമൊരുക്കുന്നത്.
പൂര്‍ണമായും ശീതീകരിച്ച ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്‌ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാം. നൂറുശതമാനം പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും സവിശേഷതയാണ്. കൂടാതെ കൊച്ചിയുടെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും അനന്തസാധ്യതകളാണ് വാട്ടർ മെട്രോ തുറന്നിടുന്നത്.