എറണാകുളം: കൊച്ചി കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ഷീലോഡ്‌ജിൽ കഴിഞ്ഞ നാല് ദിവസമായി കുടുങ്ങി കിടന്ന പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി (Kochi she lodge cat rescue). ജനൽ കമ്പികൾ മുറിച്ച് മാറ്റിയാണ് പൂച്ചയുടെ ജീവൻ രക്ഷിച്ചത്. മൃഗസ്നേഹികളുടെ സംഘടനയായ ദയയുടെ( Daya Foundation) നേതൃത്വത്തിലായിരുന്നു ജീവൻ രക്ഷാപ്രവർത്തനം നടന്നത്.
എറണാകുളം നോർത്തിലെ ഷീ ലോഡ്‌ജിന്‍റെ രണ്ടാം നിലയിലാണ് പൂച്ചക്കുട്ടി കുടുങ്ങിയത്. ചുമരിനും ഗ്ലാസ് ഭിത്തിയ്‌ക്കും ഇടയിലായുള്ള ഒരടിയോളം വീതിയും അഞ്ചടിയോളം ഉയരവും വരുന്ന ഒഴിഞ്ഞ ഭാഗത്തായിരുന്നു പൂച്ച കുടുങ്ങിയത്. ജനൽ കമ്പിയുടെ വിടവിലൂടെയായിരിക്കാം പൂച്ച ഇവിടേക്ക് വീണതെന്നാണ് കരുതുന്നത്.
പൂച്ചയുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് ലോഡ്‌ജിലെ അന്തേവാസികളും ജീവനക്കാരും പൂച്ച കുടുങ്ങി കിടക്കുന്നതായി കണ്ടെത്തിയത്. ഇവർ മുകളിൽ നിന്നും ഇട്ടു കൊടുക്കുന്ന ഭക്ഷണമായിരുന്നു പൂച്ച കഴിച്ചിരുന്നത്. പൂച്ചയ്ക്ക് സ്വന്തമായി ഇവിടെ നിന്നും രക്ഷപ്പെടാൻ കഴിയില്ലന്ന് ബോധ്യമായതോടെയാണ് അഗ്നി രക്ഷ സേനയെ വിവരമറിയിച്ചത്.
അഗ്നിരക്ഷ സേനക്കെതിരെ ആരോപണം: രാവിലെ അഗ്നിരക്ഷ സേനയെത്തി പരിശോധന നടത്തിയെങ്കിലും പൂച്ചയെ രക്ഷിക്കാനായുള്ള തുടർ നടപടികളൊന്നും സ്വീകരിച്ചില്ലന്നാണ് ദയയുടെ പ്രവർത്തകർ ആരോപിക്കുന്നത്. ഉച്ചയോടെ മൂവാറ്റുപുഴയിൽ നിന്നുമെത്തിയ ദയ പ്രവർത്തകർ ജനൽ കമ്പി മുറിച്ചു മാറ്റി പൂച്ച കുടുങ്ങി കിടക്കുന്ന ഭാഗത്ത് ഇറങ്ങണമെന്ന് ഷീ ലോഡ്‌ജ് അധികൃതരെ അറിയിച്ചു. എന്നാൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ ജനൽ കമ്പികൾ മുറിച്ചു മാറ്റാൻ അനുമതി നൽകാൻ തങ്ങൾക്ക് കഴിയില്ലെന്നാണ് ജീവനക്കാർ അറിയിച്ചത്.
പൂച്ചയെ എന്ത് വില കൊടുത്തും രക്ഷിക്കണമെന്ന് തീരുമാനിച്ച മൃഗ സ്നേഹികൾ നിരവധി വാതിലുകൾ മുട്ടി. ഒടുവിൽ ഒദ്യോഗിക അനുമതിക്കായുള്ള കടമ്പകൾ താണ്ടുകയായിരുന്നു. സ്വന്തം ഉത്തരവാദിത്വത്തിൽ ജനൽ കമ്പികൾ മുറിച്ചു മാറ്റാനും , ശേഷം വെൽഡ് ചെയ്‌ത് പൂർവ്വസ്ഥിതിയിലാക്കണമെന്ന നിബന്ധനയോടെയാണ് ജനൽ കമ്പികൾ മുറിക്കാൻ ദയ പ്രവർത്തകർക്ക് അനുമതി ലഭിച്ചത്.
തുടർന്നാണ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഒരു ഭാഗത്തെ ജനൽ കമ്പികൾ മുറിച്ച് മാറ്റിയത്. പൂച്ച കുടുങ്ങിയ ഭാഗത്ത് ഗോവണി വെച്ച് ഇറങ്ങിയെങ്കിലും പരിഭ്രാന്തയായ പൂച്ച ഇവിടെ ഉണ്ടായിരുന്ന വിടവിലൂടെ മറുഭാഗത്തേക്ക് രക്ഷപെട്ടു. തുടർന്ന് ഈ വിടവ് തുണി വെച്ച് അടച്ച ശേഷം രണ്ടാമത്തെ ജനൽ കമ്പിയും മുറിച്ചു മാറ്റി.
ദയയുടെ പ്രവർത്തകയായ അമ്പിളി ഇതു വഴി ഇറങ്ങി പൂച്ചയെ കയ്യോടെ പിടികൂടി . മുകളിലെത്തിച്ച പൂച്ച അവരുടെ കയ്യിൽ മാന്തി കുതറിയോടി. ഇതിനിടെ പൂച്ചയെ പിടിച്ച സെക്യൂരിറ്റി ജീവനക്കാരനെയും പൂച്ചമാന്തി. ഒടുവിൽ വലയിൽ കുടുക്കിയ പൂച്ചയെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നാല് ദിവസം കുടുങ്ങി കിടന്നതിന്‍റെ ക്ഷീണവും ഭയപ്പാടുമുള്ള പൂച്ചയ്ക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തങ്ങളുടെ ജീവൻ തന്നെ പണയം വെച്ചാണ് ഇത്തരമൊരു രക്ഷാപ്രവർത്തനം നടത്തിയതെങ്കിലും പൂച്ചയെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അമ്പിളി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ഫയർഫോഴ്‌സിന് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതായിരുന്നു. എന്നാൽ അവർ സഹകരിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.
സമാനമായ രീതിയിൽ ഒരു വർഷം മുമ്പും മെട്രോയുടെ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തിയിരുന്നു. അന്ന് മെട്രോ സർവിസ് അടക്കം നിർത്തി വെച്ചായിരുന്നു ഫയർഫോഴ്‌സ് സംഘം പൂച്ചയെ രക്ഷിച്ചത്.