എറണാകുളം: കൊച്ചിയിലെത്തുന്ന ട്രെയിൻ യാത്രികരെ സ്വീകരിക്കുന്നതിന് തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വി.എസ് സുനിൽകുമാർ. യാത്രക്കാരെ വിവിധ ജില്ലകളിലേക്ക് അയക്കാനും ക്വാറന്‍റൈൻ കേന്ദ്രങ്ങളിലേക്ക് അയക്കാനും സ്‌ക്രീനിങ് നാടത്താനും എല്ലാ സൗകര്യങ്ങളും പൂർത്തീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് നാളെ അവസാന അവലോകനയോഗം നടത്തും. തുടർച്ചയായി ട്രെയിനുകൾ എത്തിയാലും അവരെയെല്ലാം സ്ക്രീൻ ചെയ്യാനും ക്വാറന്‍റൈനിന് അയക്കാനും സൗകര്യങ്ങൾ സജ്ജമാണ്.
യാത്രക്കാർക്ക് വീടുകളിലെത്താൻ സ്വന്തം നിലയിൽ സൗകര്യങ്ങൾ ഉറപ്പാക്കും. അതോടൊപ്പം കെ.എസ്.ആർ.ടി.സി സൗകര്യം ഒരുക്കും. 14ന് അർധരാത്രിയാണ് ട്രെയിൻ കൊച്ചിയിലെത്തുന്നത്. റെയിൽവേയുടെ റിസർവേഷൻ ചാർട്ട് കിട്ടിയാൽ മാത്രമേ യാത്രക്കാരെ കുറിച്ച് വിവരങ്ങൾ ലഭിക്കൂ. അതിന് കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിമാനമാർഗം കൊച്ചിയിലെത്തിയ അഞ്ച് പേരെയാണ് ഇതിനകം ഐസൊലേഷനിലേക്ക് മാറ്റിയത്. ഇവരുടെ കൊവിഡ് പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.