എറണാകുളം: കൊച്ചി മെട്രോയുടെ പേരിൽ വ്യാജ വെബ്സൈറ്റ് . കൊച്ചി മെട്രോ ക്ലബ് എന്ന പേരിലാണ് വ്യാജ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്. ഇത് ആളുകൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ടെന്നും ഈ വെബ്സൈറ്റുമായി കെ.എം.ആർ.എല്ലിന് യാതൊരു ബന്ധവുമില്ലെന്നും കൊച്ചി മെട്രോ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കൊച്ചി മെട്രോ ക്ലബ്ബിൽ ചേരുന്നതിനായി പണം ആവശ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ.എം.ആർ.എല്ലിന് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വിശദീകരണവുമായി രംഗത്തെത്തിയത്.
മെട്രോ ക്ലബ് ഡോട്ട് കോം എന്ന വെബ്സൈറ്റുമായോ, ഇതിൽ പരസ്യം ചെയ്തിരിക്കുന്ന കൊച്ചി മെട്രോ ക്ലബ്ബുമായോ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് യാതൊരു ബന്ധവുമില്ലെന്നും ഇതിലൂടെ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ നടത്തുന്ന സാമ്പത്തികമോ അല്ലാതെയുള്ള ഇടപാടുകൾക്ക് കെഎംആർഎൽ ഉത്തരവാദികൾ അല്ലെന്നുമാണ് കെ.എം.ആര്‍.എല്‍ അറിയിച്ചിരിക്കുന്നത്.
ഇത്തരം വെബ്സൈറ്റിലൂടെയുള്ള വ്യാജ പ്രചരണങ്ങൾക്ക് പൊതുജനങ്ങൾ ഇരയാകരുതെന്നും കൊച്ചി മെട്രോയുടെ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെയും, ട്രെയിനുകളും സ്റ്റേഷനുകളും ഉൾപ്പടെയുള്ള കൊച്ചി മെട്രോ ചിത്രങ്ങൾ വെബ്സൈറ്റിൽ ഉപയോഗിക്കുന്നതിനെതിരെയും കെ.എം.ആർ.എൽ നിയമ നടപടി സ്വീകരിക്കുമെന്നും കൊച്ചിമെട്രോ വ്യക്തമാക്കി.