എറണാകുളം : കൊച്ചി മെട്രോ ആറാം വാർഷിക ആഘോഷങ്ങളുടെ (Kochi metro sixth anniversary) ഭാഗമായി 'ചിരി വര മെട്രോ' സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രമുഖ കാർട്ടൂണിസ്റ്റുകൾ യാത്രക്കാരുടെ കാരിക്കേച്ചറുകൾ വരച്ചു നൽകി. ജൂൺ 15ന് രാവിലെ മുതൽ കൊച്ചി മെട്രോയുടെ വിവിധ ട്രെയിൻ സർവീസുകളിൽ ഒൻപത് പേരടങ്ങുന്ന കാർട്ടൂണിസ്റ്റുകളുടെ സംഘം സഞ്ചരിച്ചാണ് കാരിക്കേച്ചറുകൾ വരച്ചത്.
യാത്രക്കാരിൽ നിന്നും തെരഞ്ഞെടുത്തവരുടെ കാരിക്കേച്ചറുകളാണ് കാർട്ടൂണിസ്റ്റുകൾ വരച്ചത്. ഈ കാരിക്കേച്ചറുകളിൽ ചിലത് യാത്രക്കാർക്ക് സമ്മാനിക്കുകയും ചെയ്‌തു. യാത്രക്കാരുടെ കാരിക്കേച്ചറുകളിൽ തെരഞ്ഞെടുത്തവ ട്രെയിനുകളിൽ വരും ദിവസങ്ങളിൽ പ്രദർശിപ്പിക്കും. മുതിർന്ന കാർട്ടൂണിസ്റ്റ് ഇ പി ഉണ്ണിയാണ് പരിപാടി ഉദ്ഘാടനം ചെയ്‌തത്.
രതീഷ് രവി, ടിജി ജയരാജ്, മധൂസ്, സജീവ് ശൂരനാട്, സജ്ജീവ് ബാലകൃഷ്‌ണൻ, സുധീർനാഥ്, സജിത് കുമാർ, ഗോകുൽ ഗോപാലകൃഷ്‌ണൻ എന്നീ കാർട്ടൂണിസ്റ്റുകളാണ് മെട്രോയിൽ സഞ്ചരിച്ച് യാത്രക്കാരുടെ കാരിക്കേച്ചറുകൾ തയ്യാറാക്കിയത്. നഗര ജീവിതത്തിന്‍റെ തിരക്കുകൾക്കിടയിൽ മെട്രോയിയിൽ അതിവേഗം സഞ്ചരിച്ച് ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനിടയിൽ സ്വന്തം കാർട്ടൂണുകൾ ലഭിച്ചത് പലർക്കും സന്തോഷകരമായ അനുഭവമായി മാറുകയും ചെയ്‌തു.
ടിക്കറ്റ് നിരക്കിൽ ഇളവ് : കൊച്ചി മെട്രോയുടെ (Kochi metro) പിറന്നാൾ ദിനമായ ജൂൺ 17ന് യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഇളവുകൾ പ്രഖ്യാപിച്ചു. മിനിമം ടിക്കറ്റ് നിരക്കായ 10 രൂപ അന്നേ ദിവസവും തുടരും. 30, 40, 50, 60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തീയതി വെറും 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരു തവണ യാത്ര ചെയ്യാം.
ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്നത് സ്വാഗതാർഹമാണന്ന് കെഎംആർഎൽ അറിയിച്ചു. ഏപ്രിൽ മാസത്തിൽ ദിവസേന ശരാശരി 75,831 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തത്. മെയ് മാസത്തിൽ ദിവസേന ശരാശരി 98,766 ആളുകൾ യാത്ര ചെയ്‌തു.
മെയ് മാസത്തിൽ 12 ദിവസങ്ങളിൽ ഒരുലക്ഷത്തിലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തു. കൂടാതെ 13 ദിവസം 95,000ലധികം പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തിട്ടുണ്ട്. വിവിധ ഓഫറുകളും യാത്ര പാസുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് ജൂൺ 17ന് കൊച്ചി വൺ കാർഡ് പുതുതായി വാങ്ങുന്നവർക്ക് കാർഡിന്റെ ഫീസ് ക്യാഷ്ബാക്ക് ആയി ലഭിക്കുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചു. ഇത്തരത്തിൽ 225 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക.
'ബോബനും മോളിയും' : ആറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഭാരത് പെട്രോളിയത്തിന്‍റെ സഹകരണത്തോടെ കൊച്ചി മെട്രോ 'ബോബനും മോളിയും' എന്ന പേരിൽ ഓപ്പൺ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമെന്യേ ഒരു പുരുഷനും ഒരു വനിതയുമടങ്ങുന്ന ടീമുകളായി മത്സരത്തിൽ പങ്കെടുക്കാം. അച്ഛനും മകളും, അമ്മയും മകനും, സഹോദരി സഹോദരന്മാർ, ഭാര്യ ഭർത്താക്കന്മാർ, സുഹൃത്തുക്കൾ ഇങ്ങനെ ആർക്ക് വേണമെങ്കിലും ടീമുകളാകാം.
സിനിമ, സ്പോർട്‌സ്, കേരളം, മെട്രോ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളടങ്ങുന്ന പൊതു വിജ്ഞാന ക്വിസ് മത്സരത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും, പ്രൊഫഷനലുകൾക്കും, സീനിയർ സിറ്റിസൺ, തുടങ്ങിയവർക്കും പങ്കെടുക്കാം. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡ് അടക്കം മുപ്പത്തി അയ്യായിരത്തോളം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. കാണികൾക്കും സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്.
ക്യൂ ഫാക്റ്ററിയുമായി ചേർന്നാണ് കൊച്ചി മെട്രോ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സ്നേഹജ് ശ്രീനിവാസ് ക്വിസ് മാസ്റ്ററായെത്തും. കേരള മെട്രോ റെയിൽ ദിനമായ ജൂൺ 17ന് ഉച്ചക്ക് 2 മണിക്ക് പ്രിലിമിനറി റൗണ്ടും തുടർന്ന് സെമി ഫൈനലും ഫൈനലും നടക്കും. വൈറ്റില മെട്രോ സ്റ്റേഷനിൽ വച്ചാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ മുൻ കൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അവസരം.