എറണാകുളം: കൊച്ചിയിൽ വികേന്ദ്രീകരണ മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുമെന്ന് മേയർ എം അനിൽകുമാർ. അതേസമയം കേന്ദ്രീകൃത മാലിന്യ സംസ്‌കരണം തുടരുമെന്നും മേയർ വ്യക്തമാക്കി. കേന്ദ്രീകൃത മാലിന്യ സംസ്‌കരണം തന്നെയാണ് കോർപറേഷന്‍റെ നയം. അത് ഏത് രീതിയിൽ വേണമെന്നുള്ളത് അടുത്ത ദിവസം ചേരുന്ന പ്രത്യേക കൗൺസിൽ ചർച്ച ചെയ്യും.
ഒരുവർഷത്തിനുള്ളിൽ കോർപറേഷൻ പരിധിയിലെ 20,000 വീടുകളിൽ ഭക്ഷ്യമാലിന്യ സംസ്‌കരണത്തിനുള്ള ബയോ ബിന്നും കൃഷിക്കാവശ്യമായ അഞ്ചുവീതം ചട്ടികളും നൽകുമെന്ന് മേയർ പറഞ്ഞു. 20,000 വീടുകളിൽ ബയോ ബിന്നുകൾ നൽകുന്നതിലൂടെ നഗരത്തിൽ ആകെ ഉത്‌പാദിപ്പിക്കുന്ന മാലിന്യത്തിന്‍റെ 10 ശതമാനം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനാകും. ഉദ്ദേശം 20 ടൺ മാലിന്യമാണ് കുറയുക. മാലിന്യ സംസ്‌കരണത്തോടൊപ്പം കൃഷി കൂടി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണ് നിറച്ച അഞ്ചു ചട്ടികളും നൽകുന്നത്.
മാലിന്യ സംസ്‌കരണത്തിലൂടെ ലഭിക്കുന്ന ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യാനുള്ള അവസരമൊരുക്കുകയാണ്. നാലുകോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹായത്തോടെയാണ് നടപ്പാക്കുക. സബ്‌സിഡി നിരക്കിൽ ബയോ ബിന്നും ചട്ടികളും ലഭിക്കാൻ 625 രൂപ മാത്രമാണ് ഗുണഭോക്‌തൃ വിഹിതമായി നൽകേണ്ടത്. ആദ്യഘട്ടമായി ജനകീയാസൂത്രണ പദ്ധതിയിൽ നിന്ന് 1.13 കോടിരൂപ ചെലവഴിച്ച് 5794 പേർക്ക് ബയോ ബിന്നും മണ്ണ് നിറച്ച ചട്ടിയും നൽകും.
ഡിവിഷൻ കൗൺസിലർമാരുടെയും എഡ്രാക്ക് പോലുള്ള സംഘടനകളുടെയും കുടുംബശ്രീ, സിഡിഎസ് എന്നിവയുടെയും സഹായത്തോടെ 15 ദിവസത്തിനകം ഗുണഭോക്താക്കളെ കണ്ടെത്തും. ബയോ ബിൻ പദ്ധതിയിൽ കൃഷി, സഹകരണ വകുപ്പുകൾ സഹകരിക്കും. 50 സഹകരണ സംഘങ്ങൾ പൊതുനന്മ ഫണ്ടിൽ നിന്നും സഹായം നൽകുന്നതോടൊപ്പം കുറഞ്ഞ പലിശനിരക്കിൽ വായ്‌പ നൽകാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്ലാൻ ഫണ്ടിൽ നിന്നുള്ള സഹായം നൽകാമെന്ന് കൃഷി വകുപ്പും അറിയിച്ചു. ശുചിത്വ മിഷൻ, സിഎസ്ആർ ഫണ്ട്, നബാർഡ് എന്നിവയുടെ ഫണ്ടുകളും പ്രയോജനപ്പെടുത്തും.
സ്ഥലസൗകര്യം കണ്ടെത്തിക്കഴിഞ്ഞ 10 ഡിവിഷനുകളിൽ തുമ്പൂർമൂഴി മാതൃകയിൽ ഹീൽ ബോക്‌സ് സ്ഥാപിക്കാൻ നബാർഡിന്‍റെ സഹായവും സിഎസ്ആർ ഫണ്ടും ലഭ്യമാക്കും. അഞ്ചുലക്ഷത്തോളം രൂപയാണ് ഓരോന്നിനും ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുവഴി 10 ടൺ മാലിന്യവും കുറയ്ക്കാനാകും. ഡയപ്പർ പോലുള്ള ബയോമെഡിക്കൽ വേസ്റ്റുകൾ ശേഖരിക്കാർ ഏജൻസിക്ക് കിലോ 45 രൂപ നിരക്കിൽ നൽകാൻ പ്രയാസമുള്ള, സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ള കുടുംബങ്ങൾക്കും വൃദ്ധ സദനങ്ങൾക്കും കുറഞ്ഞ നിരക്ക് അനുവദിക്കാൻ സർക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്.
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് പണം നൽകാനാകാത്ത വീടുകളെയും വാർഡുസഭ വഴി കണ്ടെത്തി സർക്കാർ അംഗീകാരത്തോടെ സഹായം നൽകുമെന്ന് മേയർ പറഞ്ഞു. ജൂൺ ഒന്നു മുതൽ കൊച്ചിയിലെ ജൈവ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകുന്നത് പൂർണമായും നിർത്തും. ശുചിത്വ മിഷൻ അംഗീകാരുള്ള കമ്പനികളാണ് മാലിന്യം ശേഖരിക്കുക. കൊച്ചിക്ക് പരിചയമില്ലാത്ത പദ്ധതിയാണിത്, എത്രമാത്രം വിജയകരമായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പറഞ്ഞ മേയര്‍ മാലിന്യ പ്രശ്‌നം രാഷ്ട്രീയവത്‌കരിക്കുന്ന ഡിസിസിയുടെ നടപടികളെ വിമർശിച്ചു.
എല്ലാവരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച് നിന്ന് നേരിടുകയാണ് വേണ്ടത്. കൊച്ചിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് ശാശ്വതമായ പരിഹാരമാണ്. ബ്രഹ്മപുരത്തെ ബയോ മൈനിങ് പ്രവർത്തനത്തിൽ നിന്നും സോണ്ടാ കമ്പനിയെ ഒഴിവാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഈ മാസം 28നകം അറിയിക്കാൻ നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിന്‍റെ അടുത്ത ദിവസം തന്നെ സ്‌പെഷ്യൽ കൗൺസിൽ ചേർന്ന് തുടർ നടപടികൾ തീരുമാനിക്കുമെന്നും മേയർ എം അനിൽ കുമാർ അറിയിച്ചു.