കൊച്ചി: സൗമിനി ജെയിനിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ഉപതെരഞ്ഞെടുപ്പിന് ശേഷം കൊച്ചി കോർപ്പറേഷൻ മേയർക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ തുടങ്ങിയ കലാപമാണ് ഇപ്പോൾ വീണ്ടും ശക്തിയാർജ്ജിക്കുന്നത്. മേയർ സ്ഥാനത്ത് നിന്നും സൗമിനി ജെയിനിനെ മാറ്റണമെന്നാവശ്യപ്പെട്ട് ആറ് കോൺഗ്രസ് വനിതാ കൗൺസിലർമാരാണ് ഇന്ന് പരസ്യമായി രംഗത്തുവന്നത്. രണ്ടര വർഷത്തിന് ശേഷം സ്ഥാനമൊഴിയുമെന്ന മുൻധാരണ മേയർ തെറ്റിച്ചെന്ന് ആരോപിച്ചാണ് വനിതാ കൗൺസിലർമാര്‍ രംഗത്തെത്തിയത്.
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് സൗമിനി ജെയിനിനെതിരെ കടുത്ത വിമർശനവുമായി ഹൈബി ഈഡൻ എംപി രംഗത്തുവന്നത്. വിജയശതമാനം കുറയാൻ കാരണം കോർപ്പറേഷൻ ഭരണത്തിലെ പിടിപ്പുകേടാണെന്ന് ഹൈബി ഈഡൻ തുറന്നടിച്ചു. ഇതിനു പിന്നാലെ ജില്ലയിലെ മുതിർന്ന നേതാക്കളും സൗമിനി ജെയിനിനെതിരെ തിരിഞ്ഞു. തിരുവനന്തപുരത്ത് ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ മേയറെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ രംഗത്തെത്തിയതോടെയാണ് അന്തിമതീരുമാനം കെപിസിസി നേതൃത്വത്തിന് വിട്ടത്. എന്നാൽ കെപിസിസിയുടെ തീരുമാനം വരുന്നതിന് മുമ്പാണ് വീണ്ടും പരസ്യ നിലപാടുമായി കൗൺസിലർമാർ രംഗത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിലും മേയറുടെ വിഷയം സംബന്ധിച്ച് ബഹളവും വാക്കുതർക്കവും നടന്നിരുന്നു. എന്നാൽ മേയറെ മാറ്റുന്നത് സംബന്ധിച്ചുളള വിഷയത്തിൽ ഒന്നും പ്രതികരിക്കാനില്ലെന്നും കെപിസിസി ഉചിതമായ നടപടിയെടുക്കുമെന്നുമാണ് ഡിസിസി യോഗത്തിനെത്തിയ മുതിർന്ന നേതാക്കൾ പ്രതികരിച്ചത്.
നേതൃത്വം മേയറെ മാറ്റാൻ തയ്യാറായില്ലെങ്കിൽ കെപിസിസി പ്രസിഡന്റിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഉൾപ്പെടെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനാണ് കൗൺസിലർമാരുടെ തീരുമാനം. രണ്ട് ദിവസത്തിനുള്ളിൽ മേയറെ മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡൊമിനിക് പ്രസന്‍റേഷൻ പറഞ്ഞു.
ജില്ലയിലെ മുതിർന്ന നേതാക്കളും കൗൺസിലർമാരും മേയറെ മാറ്റണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുമ്പോൾ കെപിസിസിയുടെ നേതൃത്വത്തിന്‍റെ തീരുമാനം നിർണായകമാകും. എന്നാൽ ഇതുസംബന്ധിച്ച് യാതൊരു പ്രതികരണത്തിനും ഇല്ലെന്ന നിലപാടിലാണ് മേയർ സൗമിനി ജെയിൻ.