എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് കരാർ ഏറ്റെടുത്തിരുന്ന കമ്പനികളുടെ പ്രവർത്തനം തൃപ്‌തികരമല്ലെന്ന് കൊച്ചി കോർപ്പറേഷൻ ഹൈക്കോടതിയിൽ. ബ്രഹ്മപുരത്തെയും സമീപ പ്രദേശങ്ങളിലേയും ഭൂഗർഭ ജലത്തിന്‍റെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാരം പരിശോധിക്കാൻ കോടതി നിർദേശിച്ചു. കടമ്പ്രയാറിലെ ജലവും പരിശോധിക്കാന്‍ നിര്‍ദേശമുണ്ട്.
ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ സ്വമേധയ എടുത്ത കേസ് ഹൈക്കോടതി മാര്‍ച്ച് 21ലേക്ക് മാറ്റി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ മാലിന്യ സംസ്‌കരണത്തിനായി 31 കോടി രൂപ ചെലവഴിച്ചെന്നും ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിന്‍റെ കരാർ ഏറ്റെടുത്തിരുന്ന കമ്പനികളുടെ പ്രവർത്തനം തൃപ്‌തികരമല്ലെന്നുമാണ് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചത്. പുതിയ ടെൻഡർ വിളിച്ചിട്ടുണ്ടെന്നും സെക്രട്ടറി കോടതിയിൽ വ്യക്തമാക്കി. ടെൻഡർ നടപടികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കോടതി കോർപ്പറേഷന് നിർദേശം നൽകി. ബ്രഹ്മപുരത്തെയും സമീപ പ്രദേശങ്ങളിലെയും ഭൂഗർഭ ജലത്തിന്‍റെ സാമ്പിൾ 24 മണിക്കൂറിനകം ശേഖരിച്ച് ഗുണനിലവാരം പരിശോധിക്കാനും കോടതി നിർദേശിച്ചു.
'ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണം': വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങൾ കൂടുതൽ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. മാലിന്യ സംസ്‌കരണം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാനമൊട്ടാകെ മൂന്ന് അമിക്കസ് ക്യൂറിമാരെ നിരീക്ഷണത്തിനായി ഹൈക്കോടതി നിയോഗിക്കും. എറണാകുളം, തൃശൂർ ജില്ലകളിൽ ഒന്നും, രണ്ട് അമിക്കസ് ക്യൂറിമാർക്ക് മറ്റ് ജില്ലകളുടേയും ചുമതല നൽകും. ഉറവിട മാലിന്യ സംസ്‌കരണം ഫലപ്രദമായി നടത്തണം. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിരീക്ഷിക്കാനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും കോടതി സർക്കാരിന് നിർദേശം നൽകി.
മാലിന്യ സംസ്‌കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാനാകില്ല, ഇപ്പോഴത്തെ സ്ഥിതി മാറണം. വികേന്ദ്രീകൃത സംവിധാനം വരണം. മാലിന്യ സംസ്‌കരണത്തിന് കുട്ടികൾക്ക് പരിശീലനം നൽകണമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ബ്രഹ്മപുരം പ്ലാന്‍റില്‍ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലം ഇല്ല. ആവശ്യമായ യന്ത്രങ്ങളോ മറ്റ് സൗകര്യങ്ങളോ ഇല്ലെന്നും പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ച അവസ്ഥയിലാണെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി റിപ്പോർട്ട് നൽകിയിരുന്നു. പ്ലാന്‍റിലെ അശാസ്ത്രിയ രീതിയിലാണ് മാലിന്യ സംസ്‌കരണമെന്നും നിയമങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
ബ്രഹ്മപുരം ചര്‍ച്ചയാക്കാന്‍ അനുവദിക്കാതെ സ്‌പീക്കര്‍: അതേസമയം, ബ്രഹ്മപുരം പ്രശ്‌നം തുടർച്ചയായ രണ്ടാം ദിനവും നിയമസഭയിൽ സജീവമാക്കാനുള്ള പ്രതിപക്ഷ നീക്കം സ്‌പീക്കർ എഎൻ ഷംസീർ ഇന്ന് തടഞ്ഞു. കൊച്ചി കോർപ്പറേഷനിൽ സമരം നടത്തിയ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവം ശൂന്യവേളയില്‍ ഉയർത്തിയാണ് സജീവമാക്കാന്‍ പ്രതിപക്ഷം നീക്കം നടത്തിയത്. ബ്രഹ്മപുരം പ്രശ്‌നം കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടിസായി പരിഗണിച്ചതാണെന്നും കേരളത്തിലെ ആയിരത്തോളം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രശ്‌നം ചർച്ച ചെയ്യാനുള്ള വേദിയല്ല നിയമസഭയെന്നും ചൂണ്ടിക്കാട്ടിയാണ് സ്‌പീക്കർ നോട്ടിസ് തള്ളിയത്.
റോജി എം ജോണാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നത്. പ്രകോപിതരായ പ്രതിപക്ഷം സ്‌പീക്കറുടെ നടപടിക്കെതിരെ ഇരിപ്പിടത്തിൽ നിന്നെണീറ്റു. ഒന്നര മണിക്കൂറോളം നടുത്തളത്തില്‍ പ്രതിഷേധിച്ചശേഷം പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്നതിനാലാണ് സർക്കാർ അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.