എറണാകുളം: ദുർമന്ത്രവാദത്തിന്‍റെ ഭാഗമായി സ്‌ത്രീകളെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സിഎച്ച് നാഗരാജു. പുറത്ത് പറയാൻ കഴിയാത്ത രീതിയിലുള്ള ക്രൂര കൃത്യമാണ് നടന്നത്. മുഖ്യപ്രതി ഷാഫിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയെന്നും കമ്മിഷണർ അറിയിച്ചു.
ജുൺ, സെപ്റ്റംബർ മാസങ്ങളിലാണ് കടവന്ത്രയിൽ നിന്നും കാലടിയിൽ നിന്നും പ്രതി സ്‌ത്രീകളെ കൊണ്ടുപോയത്. സെപ്റ്റംബർ 26നാണ് കടവന്ത്രയിലെ സ്‌ത്രീയെ കാണാതായത്. ഇതിന് പിന്നാലെ അവർ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതി ഷാഫിയെ തിരിച്ചറിഞ്ഞത്. മുഖ്യപ്രതി ഷാഫിക്ക് ഇത്തരമൊരു ക്രൂരകൃത്യം ചെയ്യുന്നതിന് പിന്നിൽ പല തരത്തിലുള്ള പ്രചോദനമുണ്ടായിരുന്നു. പണം മാത്രമായിരുന്നില്ല ലക്ഷ്യം.
എന്നാൽ കൂട്ടുപ്രതികളായ ഭഗവൽ സിങ്, ലീല എന്നിവരുടെ ലക്ഷ്യം പണമായിരുന്നു. ദുർമന്ത്രവാദം നടത്തി സ്‌ത്രീകളെ കൊലപ്പെടുത്തി പണക്കാരാകാമെന്ന അന്ധവിശ്വാസമാണ് ഇവർക്ക് ഉണ്ടായിരുന്നത്. പ്രതി ഷാഫി പണം വാഗ്‌ദാനം നൽകിയാണ് രണ്ട് സ്‌ത്രീകളെ കൊണ്ടുപോയത്.
അന്വേഷണത്തിൽ കൊലപാതകം സംബന്ധിച്ച വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.