എറണാകുളം: വൈഗ കൊലപാതക കേസിൽ പ്രതിയും അച്ഛനുമായ സനു മോഹന്‍റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സനുവിന്‍റെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും. കൂടുതൽ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനുണ്ടെന്നും നാല് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നുമാണ് ആവശ്യം.
കഴിഞ്ഞ ദിവസം സനു മോഹനെ ഭാര്യയോടൊപ്പമിരുത്തി ചോദ്യം ചെയ്തു. മകളെ കൊലപ്പെടുത്തിയത് സംബന്ധിച്ച സനു മോഹന്‍റെ വെളിപ്പെടുത്തലുകൾ കേട്ട് അമ്മ പൊട്ടിക്കരഞ്ഞു. സനു മോഹന്‍റെ പണമിടപാടുകളെക്കുറിച്ചും പൂനെയിൽ ബിസിനസ് നടത്തിയുണ്ടായ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും തനിക്കറിയില്ലെന്ന് സനുമോഹന്‍റെ ഭാര്യ അന്വേഷണസംഘത്തോട് പറഞ്ഞു.
അരൂരിൽനിന്ന് മകൾ വൈഗയ്ക്ക് അൽഫാമും കൊക്ക കോളയും വാങ്ങിക്കൊടുത്തെന്ന് സനു മോഹൻ മൊഴി നൽകിയിട്ടുണ്ട്. ഈ സമയത്ത് കോളയിൽ മദ്യം ചേർത്ത് നൽകിയതിനാലാവാം വൈഗയുടെ രക്തത്തിൽ മദ്യത്തിന്‍റെ അംശം കണ്ടതെന്നാണ് പോലീസ് നിഗമനം. ഇതര സംസ്ഥാനങ്ങളിൽ സനു മോഹൻ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെ തെളിവെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ട്.
കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലായി ആറ് ദിവസമാണ് തെളിവെടുപ്പ് നടന്നത്.ആദ്യദിവസത്തെ തെളിവെടുപ്പിൽ തന്നെ കോയമ്പത്തൂരിൽനിന്ന് സനു മോഹന്‍റെ കാറും വൈഗയുടെ സ്വർണവും കണ്ടെത്തിയിരുന്നു. കൊല്ലൂരിലെ ഹോട്ടലിൽ സനു താമസിച്ചിരുന്ന മുറിയിൽനിന്ന് ജാക്കറ്റും താക്കോലും കണ്ടെത്തി.
വാടക കൊടുക്കാതെ മുങ്ങിയ ഇയാൾ താമസിച്ച ഹോട്ടൽ മുറിയുടെ താക്കോൽ ബൈന്ദൂരിൽ റോഡരികിൽ വലിച്ചെറിഞ്ഞതായി തെളിവെടുപ്പിനിടെ വ്യക്തമായിരുന്നു. ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധി കാരണം മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു സനു മോഹന്‍റെ ലക്ഷ്യമെന്ന മൊഴി കളവാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. പ്രതിയെ ഉച്ചയ്ക്ക് ശേഷം തൃക്കാക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.