ഹൈദരാബാദ്: തെലങ്കാനയിൽ കിറ്റക്‌സ് ഗ്രൂപ്പിന് മനസമാധാനത്തോടെ വ്യവസായം നടത്താമെന്ന് മന്ത്രി കെ ടി രാമ റാവു. കിറ്റക്‌സ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുകയായിരുന്നു തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു. പരിശോധനകളുടെയും കേസുകളുടെയും പേരില്‍ കിറ്റക്‌സ് ഗ്രൂപ്പിന് പ്രയാസങ്ങളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കിറ്റക്‌സ് ഗ്രൂപ്പിന് വ്യവസായ മന്ത്രിയുടെ ഉറപ്പ്
പ്രാദേശിക രാഷ്ട്രീയക്കാരുടെ അടക്കമുള്ള ശല്യങ്ങളോ ഉപദ്രവങ്ങളോ തെലങ്കാനയിൽ ഒരു തരത്തിലും ഉണ്ടാകില്ല. ഹൈദരാബാദിലെത്തിയ കിറ്റക്‌സ് സംഘത്തിന് തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു ഉറപ്പ് നൽകി. കര്‍ണാടക, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങള്‍ നല്‍കുന്നതിനേക്കാൾ മെച്ചപ്പെട്ട ആനുകൂല്യങ്ങളും കിറ്റക്‌സ് ഗ്രൂപ്പിന് നല്‍കാമെന്നും മന്ത്രി പറഞ്ഞു.
തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നു
സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയിലുള്ളത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരും തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കിറ്റക്‌സിന് എന്താണോ ആവശ്യം അത് പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യും. തൊഴില്‍ അവസരവും നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കലുമാണ് തെലങ്കാനയുടെ മുഖ്യ പരിഗണനയെന്ന് പറഞ്ഞ മന്ത്രി തെലങ്കാനയുടെ വ്യവസായ നയവും ആനുകൂല്യങ്ങളും സാധ്യതകളും വിശദീകരിച്ചു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം കിറ്റക്‌സ് സംഘം ഇന്ന് 12.30ന് ഹൈദരാബാദിൽ നിന്നും സര്‍ക്കാരിന്‍റെ പ്രത്യേക ജെറ്റ് വിമാനത്തില്‍ കൊച്ചിയിലേക്ക് മടങ്ങും.
READ MORE: "കേരളം വിട്ടുപോകണമെന്ന് ആഗ്രഹിച്ചിട്ടില്ല, ആട്ടിപ്പായിക്കുകയാണ്": സാബു ജേക്കബ്