എറണാകുളം: വിവാദങ്ങള്‍ നിലനിൽക്കുന്നതിനിടെ കിറ്റക്‌സ് കമ്പനിയുമായി അനുരഞ്ജന നീക്കവുമായി സര്‍ക്കാര്‍. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പനിയിലെത്തി കിറ്റക്‌സ് ചെയര്‍മാന്‍ സാബു എം ജേക്കബിനെ നേരില്‍ കണ്ട് ചർച്ച നടത്തി. അദ്ദേഹത്തിന്‍റെ പരാതികൾ സ്വീകരിച്ച ഉദ്യോഗസ്ഥർ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അറിയിച്ചു.
വീണ്ടും നോട്ടീസ്
അതേസമയം വ്യവസായ വകുപ്പ് മന്ത്രി ഉള്‍പ്പടെ അനുരഞ്ജനത്തിന് ശ്രമിക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ വീണ്ടും നോട്ടീസ് അയക്കുകയാണെന്ന് സാബു എം ജേക്കബ് കുറ്റപ്പെടുത്തി. 76 നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് അസിസ്റ്റന്‍റ് ലേബര്‍ ഇന്‍സ്‌പെക്‌ടറും നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
അനാവശ്യ പരിശോധന: ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം
കിറ്റക്‌സ് കമ്പനിയില്‍ നിന്ന് കടമ്പ്ര ആറ്റിലേക്ക് മാലിന്യം ഒഴുക്കുന്നില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥർ പരിശോധിച്ച് ബോധ്യപ്പെട്ടതാണ്. അനാവശ്യ പരിശോധന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു. പതിനൊന്ന് പരിശോധനകളിലും അവർ കണ്ടെത്തിയെന്ന് പറയുന്നതിലെ നിയമ വിരുദ്ധമായ കാര്യങ്ങളെ കുറിച്ച് തെളിവ് സഹിതം വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്.
അനുരഞ്ജനം സർക്കാർ പദ്ധതിയിൽ നിന്ന് പിൻമാറിയതിന് പിന്നാലെ
3500 കോടിയുടെ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന പ്രഖ്യാപനം നടത്തി മൂന്ന് ദിവസത്തിന് ശേഷമാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉദ്യോഗസ്ഥർ എത്തിയത്. വിശദമായ റിപ്പോർട്ട് നൽകിയെന്നും സാബു ജേക്കബ് വ്യക്തമാക്കി.
Read more: കിറ്റക്‌സ് വിഷയത്തിൽ രാഷ്ട്രീയമില്ല , പ്രശ്നങ്ങൾ പരിഹരിക്കും : പി രാജീവ്