എറണാകുളം: കിളികൊല്ലൂരിൽ പൊലീസ് മർദനമേറ്റ സൈനികനും സഹോദരനും എതിരെ രജിസ്റ്റർ ചെയ്‌ത കേസിന്‍റെ എഫ്ഐആർ ഈ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂർത്തിയായ ശേഷമെ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാകൂവെന്നും കോടതി വ്യക്തമാക്കി. വധശ്രമം ഉൾപ്പടെ ചുമത്തി കിളികൊല്ലൂർ പൊലീസ് തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് അതിക്രമത്തിനിരയായ സൈനികനും സഹോദരനും ഹൈക്കോടതിയെ സമീപിച്ചത്.
സഹോദരങ്ങൾക്ക് പൊലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇതും അനുവദിച്ചില്ല. ഹർജിയിൽ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. വിഷയത്തിൽ സര്‍ക്കാര്‍ വിശദീകരണം തേടിയ കോടതി ഹർജി മൂന്നാഴ്‌ചയ്‌ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റി. തങ്ങളെ മർദിച്ച പൊലീസുകാർക്കെതിരായ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ഹര്‍ജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സൈനികനെയും സഹോദരനെയും പൊലീസ് മർദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സൈനികനും സഹോദരനുമെതിരെ തെറ്റായ ആരോപണങ്ങളുടെ പേരിലാണ് പൊലീസ് കേസെടുത്തതെന്നും കേസിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്‌ച സംഭവിച്ചതായും കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഒൻപത് പൊലീസുകാർക്കെതിരെ പരാതി ഉണ്ടായിരുന്നെങ്കിലും നാല് ഉദ്യോഗസ്ഥക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.