എറണാകുളം: മോചനദ്രവ്യം ആവശ്യപ്പെട്ട് ആയൂർവേദ മരുന്ന് കമ്പനി ഉടമയെ തട്ടികൊണ്ട് പോയി മര്‍ദിച്ച സംഭവത്തില്‍ മുഖ്യ പ്രതി അറസ്റ്റില്‍. തിരുപ്പൂര്‍ കെ.വി നഗറിലെ താമസകാരനായ ആണ്ടിപ്പെട്ടി എസ്.പ്രകാശാണ് (41) അറസ്റ്റിലായത്. ഇന്നാണ് (സെപ്‌റ്റംബര്‍ 9) തിരുപ്പൂരില്‍ നിന്ന് ഇയാളെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയതത്.
കേസില്‍ മൂന്ന് പേര്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. സെപ്റ്റംബര്‍ 2നാണ് ആയൂര്‍വേദ കമ്പനി ഉടമയെ സംഘം തട്ടികൊണ്ട് പോയത്. കമ്പനി പുതിയതായി വിപണിയില്‍ എത്തിച്ച മരുന്ന് തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുണ്ടെന്ന് അറിയിച്ച് ഉടമയെ സംഘം കോയമ്പത്തൂരിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.
വാഹനത്തില്‍ കയറ്റി ഒരു ഫാമിലെത്തിച്ച് ഉപദ്രവിച്ചു. തുടര്‍ന്ന് ഉടമയുടെ മകനെ ഫോണില്‍ ബന്ധപ്പെടുകയും 42 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുക നല്‍കിയില്ലെങ്കില്‍ പിതാവിനെ വധിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
മകന്‍ പൊലീസില്‍ പരാതി നല്‍കി. മകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തു. എന്നാല്‍ മൂന്ന് പേരെ പൊലീസ് പിടികൂടിയതോടെ പ്രകാശ് ഒളിവില്‍ പോവുകയായിരുന്നു.
ഇയാളെ പിടികൂടാനായി കുന്നത്തുനാട് പൊലീസ് തമിഴ്‌നാട്ടില്‍ ക്യാമ്പ് ചെയ്‌ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. പൊലീസ് ഇന്‍സ്‌പെക്‌ടറാണെന്ന് പറഞ്ഞാണ് ഇയാള്‍ ആയുര്‍വേദ കമ്പനി ഉടമയെ തട്ടിപ്പിനിരയാക്കിയത്. കൊല്ലം, ആലത്തൂർ, തൃശൂർ പൊലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.
also read: ഇന്‍സ്റ്റഗ്രാം റീല്‍സ് താരം രമേഷിനെ തട്ടിക്കൊണ്ട് പോയി, ആദ്യ ഭാര്യക്കെതിരെ പരാതിയുമായി രണ്ടാം ഭാര്യ