കൊച്ചി: മലയാളി യുവതിക്ക് എയർ ഇന്ത്യ വിമാനത്തിൽ സുഖപ്രസവം. ലണ്ടനിൽ നിന്ന് ചൊവ്വാഴ്‌ച രാത്രി കൊച്ചിയിലേക്ക് തിരിച്ച വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. ഏഴ് മാസം ഗർഭിണിയായ യുവതിക്ക് വിമാനം ലണ്ടനിൽ നിന്ന് പുറപ്പെട്ട ശേഷം പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഏറ്റവും അടുത്തുള്ള ഫ്രാങ്ക് ഫുർട് വിമാനത്താവളത്തിൽ വിമാനമിറക്കാൻ തീരുമാനിച്ചു. എന്നാൽ ഇതിനിടെ വിമാനത്തിൽ തന്നെ യുവതി പ്രസവിക്കുകയായിരുന്നു.
പ്രസവശേഷം യുവതിയെയും കുഞ്ഞിനെയും ഫ്രാങ്ക് ഫുർട്ടിലെ ആശുപത്രിയിൽ എത്തിച്ചു
അതേസമയം വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്‌ടർമാരും നാല് നഴ്‌സുമാരും ആവശ്യമായ സഹായം നൽകി. തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും കൂടുതൽ മെഡിക്കൽ സഹായം ലഭ്യമാക്കാൻ ഫ്രാങ്ക് ഫുർട് വിമാനത്താവളത്തിൽ വിമാനമിറക്കുകയും ചെയ്‌തു.
യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും നിലവിൽ ഫ്രാങ്ക് ഫുർട്ടിൽ തുടരുകയാണ്. ലണ്ടനിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന യാത്രസമയം പത്ത് മണിക്കൂറാണ്. ഇത്രയും സമയം യുവതിയും കുഞ്ഞും വിമാനത്തിൽ തുടരുന്നത് ഇവരുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന് വിലയിരുത്തിയാണ് സുഖപ്രസവത്തിന് ശേഷവും വിമാനം സമീപത്തുളള എയർപോർട്ടിൽ ഇറക്കിയത്.
Also Read: സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഇതേ തുടർന്ന് വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്‌ച രാവിലെ 9.45നാണ് കൊച്ചിയിലിറങ്ങിയത്. 210 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വനിത പൈലറ്റായ ഷോമ സുർ ആണ് വിമാനം നിയന്ത്രിച്ചിരുന്നത്യുവതിയുടെയും കുഞ്ഞിന്‍റെയും ജീവൻ രക്ഷിക്കാൻ പ്രയത്നിച്ച എയർ ഇന്ത്യ പൈലറ്റുമാർക്കും ജീവനക്കാർക്കും സിയാൽ അഭിനന്ദനമറിയിച്ചു. പ്രത്യേക ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. രണ്ട് മാസം മുമ്പാണ് ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ആഴ്‌ചയിൽ മൂന്ന് സർവീസുകൾ എയർ ഇന്ത്യ തുടങ്ങിയത്.