എറണാകുളം: എറണാകുളം ജില്ലയിൽ മഴയ്‌ക്ക് നേരിയ ശമനം. നിലവിലെ സാഹചര്യം തൃപ്‌തികരമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. മഴക്കെടുതിയിൽ ജില്ലയിൽ രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്.
താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ജില്ലയിൽ പതിനെട്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 685 പേരെയാണ് മാറ്റി പാർപ്പിച്ചത്. ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്.

രണ്ട് ദിവസമായി മുവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയരുന്നത് ആശങ്കയാണ്. 11.045 മീറ്റാണ് മൂവാറ്റുപ്പുഴയാറിലെ ജലനിരപ്പ്. അതേസമയം പെരിയാറിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തി.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി എൻഡിആർഎഫ് സംഘം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. വിവിധ നിയോജക മണ്ഡലങ്ങളിലെ മഴക്കാല മുന്നൊരുക്കങ്ങൾ എംഎൽഎമാരുടെ നേതൃത്വത്തിലും, ജില്ലാതല പ്രവർത്തനങ്ങൾ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിലും വിലയിരുത്തി.