എറണാകുളം : കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേർ ബോംബ് ആക്രമണം നടത്തുമെന്ന് ഭീഷണിക്കത്തയച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യറാണ് ഇന്നലെ പിടിയിലായത്. നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ ചാവേര്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയുള്ള കത്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന് ഒരാഴ്‌ച മുമ്പാണ് ലഭിച്ചത്.
അയൽക്കാരനായ ജോണിയുടെ പേരിലാണ് സേവ്യർ കത്തെഴുതിയത്. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായാണ് ഇയാൾ ജോണിയുടെ പേരിൽ കത്തെഴുതിയത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ജോസഫ് ജോൺ എന്ന ആളുടെ പേരിലായിരുന്നു. അന്വേഷണത്തിൽ ജോസഫ് ജോൺ കത്രിക്കടവ് സ്വദേശി എൻ ജെ ജോണിയാണെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു. എന്നാൽ, കത്ത് തന്‍റേതല്ലെന്ന് ജോണി വ്യക്തമാക്കി.
കൂടാതെ, വിഷയത്തിൽ സേവ്യർ എന്നയാളെ സംശയമുണ്ടെന്നും ജോണി പൊലീസിനോട് പറഞ്ഞു. ജോണിയുടെ ആരോപണത്തെ തുടർന്ന് സേവ്യറിനെ പൊലീസ് ചോദ്യം ചെയ്‌തു. എന്നാൽ സേവ്യർ ജോണിയുടെ ആരോപണം നിഷേധിച്ചു. തുടർന്ന് കൈയെഴുത്ത് ശാസ്‌ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുകയും കത്തെഴുതിയത് സേവ്യർ ആണെന്ന് തിരിച്ചറിയുകയുമായിരുന്നു.
ഫോറൻസിക്കിന്‍റെ സഹായത്തോടെ കൈയക്ഷരത്തിന്‍റെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് പ്രതിയെ കണ്ടെത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ വ്യക്തമാക്കി. അതേസമയം, പ്രധാനമന്ത്രി എത്തുന്ന സാഹചര്യത്തില്‍ കൊച്ചിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
പഴുതടച്ച സുരക്ഷ : കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷയാണ് കൊച്ചിയിലും തിരുവനന്തപുരത്തും ഒരുക്കിയിരിക്കുന്നത്. ഇതിനായി 2060 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ റോഡ്‌ഷോയിൽ 15,000 പേരും യുവം-23 പരിപാടിയിൽ 20,000 പേരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവം-23-ൽ പങ്കെടുക്കുന്നവർക്ക് മൊബൈൽ ഫോണുകൾ മാത്രമേ കൊണ്ടുവരാൻ കഴിയൂ.
വിവിധ പദ്ധതികൾ രാജ്യത്തിനായി സമർപ്പിക്കും : കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് സെൻട്രൽ സ്റ്റേഷനിൽ പ്രധാനമന്ത്രി മോദി ഏപ്രിൽ 25-ന് ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്. 3200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
കൊച്ചി വാട്ടർ മെട്രോയും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. കൊച്ചി വാട്ടർ മെട്രോയ്ക്ക് പുറമെ ദിണ്ടിഗൽ-പളനി-പാലക്കാട് പാതയുടെ റെയിൽ വൈദ്യുതീകരണവും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം ഉൾപ്പടെ വിവിധ റെയിൽ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
നെമൺ, കൊച്ചുവേളി എന്നിവയുൾപ്പെടെ തിരുവനന്തപുരം മേഖലയുടെ സമഗ്ര വികസനവും തിരുവനന്തപുരം-ഷൊർണൂർ സെക്ഷന്‍റെ സെക്ഷനൽ വേഗത വർധിപ്പിക്കലും തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള പ്രാരംഭ നിക്ഷേപം ഏകദേശം 200 കോടി രൂപയും മൊത്തം പദ്ധതിക്ക് ഏകദേശം 1515 കോടി രൂപയുമാണ്.
Also read : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ ; പഴുതടച്ച സുരക്ഷാക്രമീകരണ വലയത്തിൽ കൊച്ചിയും തിരുവനന്തപുരവും
പൊലീസ് ഉന്നതതല യോഗം ഇന്ന് : കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ പൊലീസ് ഇന്ന് ഉന്നതതല യോഗം ചേരും. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനും കേരള പൊലീസിനുമാണ് പ്രധാനമന്ത്രിയുടെ സുരക്ഷാചുമതല. തിരുവനന്തപുരത്തെ സുരക്ഷാക്രമീകരണങ്ങളും ശക്തമാണ്. 25ന് രാവിലെ എട്ട് മണി മുതൽ 11 മണി വരെ കെഎസ്ആർടിസി തമ്പാനൂർ ഡിപ്പോ അടച്ചിടും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്.