എറണാകുളം: ഇഡിയുടെ ഇടപെടൽ കിഫ്ബിയുടെ വികസന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നും, എൻഫോഴ്സ്മെന്‍റ് അന്വേഷണം അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി 5 എംഎൽഎമാർ ഹൈക്കോടതിയെ സമീപിച്ചു. കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.
ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 73,000 കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്‍റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നു. റിസർവ് ബാങ്കിന്‍റെ അനുമതിയോടെയുള്ള മസാല ബോണ്ട് നിയമാനുസൃതമാണ്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദേശിച്ചിട്ടുള്ള സാഹചര്യത്തിൽ ഇഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണ് എന്നും പൊതു താൽപര്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തോമസ് ഐസക് ഹാജരാകില്ല: മുൻ ധനമന്ത്രി തോമസ് ഐസക് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. എന്തിന് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത തേടി ഐസക് ഇഡിക്ക് കത്തയച്ചു. കിഫ്‌ബി രേഖകളുടെ കസ്റ്റോഡിയൻ താൻ അല്ല.
എന്ത് സാഹചര്യത്തിലാണ് കിഫ്ബിയുമായി ബന്ധപ്പെടുത്തി ഹാജരാകാൻ തനിക്ക് നോട്ടിസ് നൽകിയതെന്നും ഐസക് ഇഡിക്ക് നൽകിയ കത്തിൽ ചോദിച്ചു. അതേസമയം ഇഡിക്കെതിരെ തോമസ് ഐസക് ഹൈക്കോടതിയിൽ ഹർജി നൽകി. ഇഡി നൽകിയ സമൻസുകൾ നിയമവിരുദ്ധമാണെന്നാണ് ഐസക്കിന്‍റെ വാദം.
ഇഡി നൽകിയ സമൻസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടും തുടർനടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഹർജി നൽകിയത്. ഹര്‍ജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.
Also Read 'ഇഡി നോട്ടിസ് രാഷ്‌ട്രീയ പ്രേരിതം' ; രാഷ്‌ട്രീയമായി നേരിടുമെന്ന് തോമസ് ഐസക്