എറണാകുളം : സംസ്ഥാന ബജറ്റ് വ്യാപാരികൾക്ക് നൽകുന്നത് നിരാശയെന്ന് കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ്. ഈ ബജറ്റിൽ വ്യാപാരികൾക്ക് ഗുണം ലഭിക്കുന്ന പ്രഖ്യാപനങ്ങൾ ഒന്നുമില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് സഗീർ പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ ചെറിയ നിരക്കിൽ വ്യാപാരികൾക്ക് വായ്പ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
നിരവധിയാളുകൾക്ക് തൊഴിൽ നൽകുന്ന വ്യാപാരി സമൂഹത്തെ ഈ മേഖലയിൽ തന്നെ നിലനിർത്തുന്നതിന് ആവശ്യമായ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇല്ലാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം വിശദീകരിച്ചു. അധികമായി അടച്ച ഫ്ലഡ് സെസ് തിരിച്ച് കിട്ടാൻ റിവേഴ്‌സ് റിട്ടേൺ ഫയൽ ചെയ്യാൻ പറഞ്ഞത് മാത്രമാണ് ഏക ആശ്വാസം.
Also Read: പരമ്പരാഗത വ്യവസായത്തിന് പ്രോത്സാഹനം: 7 കോടിയുടെ പദ്ധതി
വ്യാപാരികൾ കച്ചവടം അവസാനിപ്പിക്കുന്നത് സർക്കാർ ശ്രദ്ധിക്കുന്നില്ല. ചെറിയ പലിശ നിരക്കിൽ വ്യാപാരികൾക്ക് വായ്പ ലഭ്യമാക്കുമെന്ന കഴിഞ്ഞ തവണത്തെ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് ധനമന്ത്രിയോട് തങ്ങൾ നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ് ഭാരവാഹികൾ വ്യക്തമാക്കി.
യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കെ എം സി സി സെക്രട്ടറി സോളമൻ ചെറുവത്തൂർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 36,800 കോടി നികുതി ഇനത്തിൽ പിരിച്ചെടുത്ത വ്യാപാരമേഖലയ്ക്ക് ബജറ്റിൽ യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.