എറണാകുളം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നടപ്പാക്കുന്ന പുതിയ ഭരണ പരിഷ്ക്കാരങ്ങൾ ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കരട് ചട്ടങ്ങൾ ചോദ്യം ചെയ്‌ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. കെ.പി.സി.സി. സെക്രട്ടറി നൗഷാദ് അലിയാണ് ഹർജി സമർപ്പിച്ചത്.
പുതിയ നിയമങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്നും കരട് നിർദേശങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും കേന്ദ്ര സർക്കാർ വിശദീകരണം നൽകിയിരുന്നു. പരിഷ്‌കാര നിർദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു ഹർജി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
READ MORE: പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ നിർത്തിവച്ചു
ഭരണപരിഷ്‌കാരങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിക്കാരൻ ഉന്നയിച്ചിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചിരുന്നില്ല. ലക്ഷദ്വീപിൽ ബീഫിന് പൂർണ നിരോധനം ഏർപ്പെടുത്തുകയാണോ എന്ന് കോടതി ദ്വീപ് ഭരണകൂടത്തോട് ആരാഞ്ഞിരുന്നു. പരിഷ്‌കാരങ്ങൾ ഏർപ്പെടുന്നത് പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷമാവും പരിഷ്‌കാരങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്ന് ലക്ഷദ്വീപ് ഭരണ കൂടം വിശദീകരണം നൽകിയിരുന്നു.
ഹർജിക്കാരനെ കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച വേളയിൽ കോടതി വിമർശിക്കുകയും ചെലവ് സഹിതം ഹർജി തള്ളുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
READ MORE: ഐഷ സുൽത്താനയുടെ ജാമ്യാപേക്ഷയെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം