എറണാകുളം: എല്‍.ജി.എസ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പി.എസ്.സി നല്‍കിയ അപ്പീൽ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസും എ ബദറുദീനും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. റാങ്ക് ലിസ്റ്റ് നീട്ടാൻ ട്രൈബ്യൂണലിന് അധികാരമില്ലന്നും കോടതി വ്യക്തമാക്കി.
ട്രൈബ്യൂണലിൽ ഉള്ള ഹർജി എത്രയും പെട്ടെന്ന് തീർപ്പാക്കാനും കോടതി നിർദേശിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടരുതെന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടന്നും പി.എസ്.സി കോടതിയെ അറിയിച്ചു. ലിസ്റ്റുകളുടെ കാലാവധി എന്തിനാണ് നീട്ടുന്നതെന്നും ലക്ഷകണക്കിന് ഉദ്യോഗാർഥികൾ പുറത്തുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കൂടുതല്‍ വായനക്ക്: 'എംഎസ്എസി പഠിക്കുന്നവര്‍ക്കും ആടിനെ വളര്‍ത്താം', മനോഭാവം മാറ്റണമെന്ന് ഹൈക്കോടതി
പി.എസ്.സി യുടെ വാദങ്ങൾ അംഗീകരിച്ചാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് കോടതി റദ്ദാക്കിയത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി മൂന്ന് മാസം നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് പി.എസ്.സിയുടെ ആവശ്യം. ഇനിയും റാങ്ക് പട്ടിക നീട്ടുന്നത് അപ്രായോഗികമാണ്. മുമ്പ് കാലാവധി നീട്ടിയിരുന്നു.
ഉചിതമായ കാരണമില്ലാതെ ഇനി റാങ്ക് പട്ടിക നീട്ടാനാവില്ല. പതിനാല് ജില്ലകളിലും പരീക്ഷ നടത്തി ഉദ്യോഗാർഥികൾ ഫലം കാത്തിരിക്കുകയാണ്. പട്ടിക നീട്ടിയാൽ പുതിയ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമാകുമെന്നും പി.എസ്.സി.യുടെ ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു.