എറണാകുളം : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിനെ നിയമിക്കാനുള്ള നീക്കത്തിൽ വിമർശനവുമായി ഹൈക്കോടതി. ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാമെന്ന പ്രിയ വർഗീസിന്‍റെ വാദത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. സ്ക്രൂട്ടിനി കമ്മിറ്റി പരിശോധിച്ച രേഖകൾ മാത്രമേ കോടതിയ്ക്കാവശ്യമുള്ളൂവെന്ന് സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി.
അധ്യാപന പരിചയം കെട്ടുകഥയല്ല, അത് വസ്‌തുതാപരമാകണം. അധ്യാപന പരിചയമെന്നാൽ അത് അധ്യാപനം തന്നെയാകണം. അത് ഗൗരവമുള്ള ജോലി ആണെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്റ്റുഡന്‍റ് സർവീസസ് ഡയറക്‌ടർ പദവിയിൽ ഇരിക്കെ പഠിപ്പിച്ചിരുന്നോ, ഡെപ്യൂട്ടേഷൻ കാലയളവിൽ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നോ തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
എൻഎസ്എസ് കോർഡിനേറ്റർ എന്നത് അധ്യാപന പരിചയത്തിന്‍റെ ഭാഗമല്ല. നാഷണൽ സർവീസ് സ്‌കീമിൽ എവിടെയാണ് അധ്യാപന ജോലി ഉള്ളതെന്നും കോടതി ചോദിച്ചു. എൻഎസ്എസിന് പോയി കുഴി വെട്ടിയതൊന്നും അധ്യാപന പരിചയമാകില്ലെന്ന് കോടതി പരിഹസിച്ചു. സ്റ്റുഡന്‍റ് സർവീസസ് ഡയറക്‌ടർ പദവി സംബന്ധിച്ച വാദത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം.
തെറ്റായ വാദങ്ങൾ ഉന്നയിച്ചാൽ നിയമന നടപടികൾ മുഴുവൻ നോക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അതേസമയം, പ്രിയ വർഗീസിന് ചട്ടപ്രകാരമുള്ള യോഗ്യത ഇല്ലെന്ന് യുജിസി കോടതിയിൽ ആവർത്തിച്ചു. യുജിസി ചട്ടങ്ങൾ പാലിച്ചുമാത്രമേ മുന്നോട്ടുപോകാനാകൂ, ഇക്കാര്യം സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പിഎച്ച്ഡി ചെയ്യാന്‍ പോയ കാലയളവ് അധ്യാപന പരിചയമായി കാണാനാകില്ലെന്നും ഗവേഷണ കാലയളവിൽ അധ്യാപിക എന്ന തരത്തിലുള്ള ഉത്തരവാദിത്തം ഇല്ലെന്നും വ്യക്തമാക്കിയ യുജിസി പ്രിയ വർഗീസിന്‍റെ ഗവേഷണ കാലയളവിലെ ഹാജർ രേഖയിലും സംശയം പ്രകടിപ്പിച്ചു. പിഎച്ച്ഡി കാലയളവിലെ രേഖയിൽ 147 ഹാജർ വേണ്ടിടത്ത് 10 ആണുള്ളതെന്നും എന്നിട്ടും അറ്റൻഡൻസ് സർട്ടിഫിക്കറ്റ് സർവകലാശാല നൽകിയെന്നും യുജിസി വാദിച്ചു.
പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം പൂർത്തിയാക്കിയ കോടതി ഹർജി നാളെ വിധി പറയാനായി മാറ്റി.