എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിന് തിരിച്ചടി. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ മുദ്രവെച്ച കവറിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
തിങ്കളാഴ്‌ച രാവിലെ 10:15ന് മുമ്പായി കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് ഫോണുകളിൽ ഒരെണ്ണം ഒഴിച്ച് മറ്റ് ആറ് ഫോണുകളാണ് ഹാജരാക്കേണ്ടത്. ഒരു ഫോണിൻ്റെ കാര്യത്തിൽ തീരുമാനം പിന്നീടെന്നും കോടതി വ്യക്തമാക്കി.
ഫോണുകൾ മുംബൈയിലായതിനാൽ ഹാജരാക്കാൻ ചൊവ്വാഴ്‌ച വരെ സമയം വേണമെന്ന ദിലീപിന്‍റെ ആവശ്യം തള്ളിയാണ് തിങ്കളാഴ്‌ച തന്നെ ഹാജരാക്കണമെന്ന നിലപാട് കോടതി സ്വീകരിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരെയും സംസ്ഥാനത്തെ ഫോറൻസിക്ക് ലാബുകളെയും വിശ്വാസമില്ലാത്തതിനാൽ സ്വന്തം നിലയിൽ താൻ ഉപയോഗിച്ച ഫോണുകൾ സംസ്ഥാനത്തിന് പുറത്തേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ ഇതിനെതിരായ നിലപാടായിരുന്നു കോടതി സ്വീകരിച്ചത്.
ദിലീപ് സ്വന്തം വിദഗ്‌ധനെ ഉപയോഗിച്ച് ഫോൺ പരിശോധിക്കുന്നത് ശരിയല്ല. അടുത്ത കാലത്ത് കർണാടകയിൽ നിന്നുള്ള സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പരാമർശം നടത്തിയത്. നിയമപ്രകാരം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌ത ഫോറൻസിക് ലാബുകൾക് മാത്രമാണ് ഇതിന് അധികാരമെന്ന് കോടതി വ്യക്തമാക്കി. ഫോണുകൾ സമർപ്പിക്കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം
സ്വകാര്യത ലംഘനമാണന്ന ദിലീപിൻ്റെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി തിങ്കളാഴ്‌ച രാവിലെ വീണ്ടും പരിഗണിക്കും.
Also Read: വധഗൂഢാലോചനക്കേസ്; ദിലീപ് ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി