എറണാകുളം: അശ്ലീല യൂട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്ക് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ സംവിധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ പ്രവർത്തിക്കുമോയെന്ന് കോടതി ചോദിച്ചു. ഒരാളെ ആക്രമിച്ച് സാധനങ്ങൾ എടുത്ത് കൊണ്ട് പോകുന്നത് കവർച്ചയല്ലേ എന്നും കോടതി ചോദിച്ചു. മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി ചേരാൻ യൂട്യൂബർ വിജയ് പി നായർക്ക് കോടതി അനുമതി നൽകി. അതേ സമയം കേസിൽ വാദം പൂർത്തിയാക്കി ഹർജി വിധി പറയാൻ മാറ്റി. ഭാഗ്യലക്ഷ്മി, സുഹൃത്തുക്കളായ ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതി ഹർജിക്കാരെ വിമർശിച്ചത്. ഒരാളെ ആക്രമിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവായി പ്രദർശിപ്പിച്ചത് അയാളെ സമൂഹത്തിന് മുന്നിൽ അപമാനിക്കാനാണ്. വ്യക്തിഹത്യ നടത്തിയതിന് ഇത് തെളിവല്ലേയെന്നും കോടതി ചോദിച്ചു. സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുന്ന ഇക്കാര്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യവും ഹർജിക്കാരോട് കോടതി ഉന്നയിച്ചു.
യൂട്യൂബർക്ക് നാശനഷ്ടമുണ്ടാക്കിയിട്ടില്ലെന്നും എടുത്ത സാധനങ്ങൾ പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. അനുവാദമില്ലാതെയാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും തൻ്റെ താമസസ്ഥലത്ത് എത്തി അതിക്രമം നടത്തിയതെന്ന് വിജയ് പി നായർ കോടതിയിൽ പറഞ്ഞു. മൂവരും ചേർന്ന് ആക്രമിച്ചപ്പോഴും താൻ പ്രതികരിച്ചില്ല. മാഡം എന്ന് വിളിച്ചാണ് സംസാരിച്ചത്. കവർച്ച നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മൂവരും എത്തിയതെന്നും വിജയ് നായർ ചൂണ്ടിക്കാട്ടി. അതേ സമയം കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് സർക്കാർ അറിയിച്ചു. ഫോണുകൾ വീണ്ടെടുക്കണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ കക്ഷി ചേരാൻ സമർപ്പിച്ച മറ്റു രണ്ടു പേരുടെ ഉപഹർജി കോടതി അനുവദിച്ചില്ല.