എറണാകുളം : ജനിച്ച് 46 വർഷത്തിന് ശേഷം ജനന രജിസ്‌ട്രേഷന് (Birth Registration) അപേക്ഷിച്ച സ്‌ത്രീയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഹൈക്കോടതി (High Court) ഇടപെടല്‍. പത്തനംതിട്ടയിലെ പ്രമാടം ഗ്രാമപഞ്ചായത്ത് (Pramadom Grama Panchayath) അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് കോടതി നിര്‍ദേശം നല്‍കി. നവംബർ 20-നോ അതിനു മുമ്പോ രജിസ്‌ട്രേഷന്‍ നടക്കണമെന്നും കോടതി പഞ്ചായത്ത് ജനന-മരണ രജിസ്ട്രാറോട് ആവശ്യപ്പെട്ടു.
ജനന രജിസ്‌ട്രേഷനായി ഹര്‍ജിക്കാരി ഈ വര്‍ഷം ജനുവരിയില്‍ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു. മാമോദീസ സര്‍ട്ടിഫിക്കറ്റിലെ തിയ്യതിയില്‍ വ്യത്യാസം കാണിച്ച് അടൂരിലെ റവന്യൂ ഡിവിഷണൽ ഓഫീസർ അപേക്ഷ നിരസിച്ചു. തുടര്‍ന്ന് സ്ത്രീ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാമോദീസ സർട്ടിഫിക്കറ്റില്‍ 1975 മെയ് ഒന്‍പതിനാണ് ഇവര്‍ ജനിച്ചതെന്നാണ് രേഖപ്പെടുത്തിയത്. ഇത് തെറ്റായ ജനന തിയ്യതിയെന്നാണ് സ്‌ത്രീയുടെ വാദം.
'രജിസ്റ്റർ ചെയ്യാതിരിക്കാന്‍ കാരണം കണ്ടെത്തരുത്'
സ്‌കൂള്‍ രേഖകൾ, ആധാർ, പാൻ, പാസ്‌പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവയില്‍ 1975 മെയ് 21 എന്നാണുള്ളത്. ഇതാണ് തന്‍റെ യഥാര്‍ഥ ജനന തിയ്യതിയെന്ന് സ്‌ത്രീ പറയുന്നു. തന്‍റെ ഔദ്യോഗിക രേഖകളെ ആശ്രയിക്കാന്‍ ഉദ്യോഗസ്ഥൻ തയ്യാറായില്ല. മാതാപിതാക്കളുടെ അറിവില്ലായ്‌മ കാരണമാണ് ജനനം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാതിരുന്നതെന്നും ഇവര്‍ നൽകിയ ഹർജിയിൽ പറയുന്നു.
മാമോദീസ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ തിയ്യതിയിലാണ് ജനിച്ചതെങ്കില്‍ അത് തെളിയിക്കാന്‍ കഴിയണം. ശക്തമായ തെളിവ് ഹാജരാക്കേണ്ടതുണ്ട്. ജനന മരണ രജിസ്ട്രേഷനുകള്‍ സുഗമമാക്കണം. മതിയായ രേഖകള്‍ ഉള്ളപ്പോൾ രജിസ്റ്റർ ചെയ്യാതിരിക്കാനുള്ള കാരണങ്ങൾ കണ്ടെത്തരുതെന്നും കോടതി വ്യക്തമാക്കി.
ALSO READ: SBI യില്‍ നിന്ന് 2.76 കോടി തട്ടിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള രേഖകളില്‍ കൃത്യമായ തിയ്യതിയുള്ളപ്പോള്‍ അതിനെ ആശ്രയിക്കുക. മാമോദീസ സർട്ടിഫിക്കറ്റ് നോക്കി അപേക്ഷ തള്ളേണ്ടതില്ലെന്നും കോടതി പഞ്ചായത്ത് അധികൃതരോട് നിര്‍ദേശിച്ചു.