എറണാകുളം: നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി കേരള ഹൈക്കോടതി. തിരക്കേറിയ എം.ജി റോഡ് പരിസരത്ത് സ്വകാര്യ ട്രാൻസ്‌പോർട്ട് ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ വെള്ളിയാഴ്‌ച ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. വൈപ്പിൻ സ്വദേശിയായ ബൈക്ക് യാത്രികൻ ബസിടിച്ച് റോഡിലേക്ക് വീഴുകയും ബസ് ദേഹത്തിലൂടെ കയറി ഇറങ്ങുകയും ചെയ്‌ത ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടതിന് ശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയ കേസെടുക്കുകയായിരൂന്നു.
തുറന്ന കോടതിയിൽ വച്ച് ദൃശ്യങ്ങൾ കണ്ടതിന് ശേഷം ബസ് അശ്രദ്ധയോടെയാണ് ഓടിച്ചതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ നിരീക്ഷിച്ചു. കൊച്ചി ഡിസിപി പി എസ് ശശിധരനെ വിളിച്ചുവരുത്തിയ കോടതി അമിത വേഗത്തിലോടുന്ന ബസിനെതിരെ നടപടിയെടുക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ എന്തുകൊണ്ട് പരാജയപ്പെട്ടെന്ന് ചോദിക്കുകയും, അമിതവേഗതയിൽ വാഹനമോടിച്ച് അപകടങ്ങൾ സൃഷ്‌ടിക്കുന്ന സ്വകാര്യ ട്രാൻസ്പോർട്ട് ബസുകൾക്കെതിരെ കർശന നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനെ നിർദേശിക്കുകയും ചെയ്‌തു.
അതേസമയം, നഗരപരിധിയിൽ വാഹനങ്ങളെ മറികടക്കരുതെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിട്ടുള്ളതായി ഡിസിപി പറഞ്ഞു. "റോഡ് സുരക്ഷ സംവിധാനത്തിന്‍റെ പരാജയമാണ് ഉയർന്ന അപകടങ്ങൾക്ക് കാരണമാകുന്നത്. നമ്മുടെ റോഡിൽ മറ്റൊരു മരണം സംഭവിക്കാൻ അനുവദിക്കില്ല. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോടതി ട്രാഫിക് ജീവനക്കാരെ പിന്തുണയ്ക്കും" എന്ന കോടതി നിർദേശത്തെ തുടർന്ന് ട്രാഫിക് പൊലീസ് വകുപ്പ് നടപടി സ്വീകരിക്കുകയും റോഡ് നിയമങ്ങൾ ലംഘിക്കുന്നതായി കണ്ട സ്വകാര്യ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കെതിരെ കർശന പരിശോധന തുടങ്ങുകയും ചെയ്‌തു.