എറണാകുളം : Kerala HC permits abortion: സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി. നിലവിൽ 26 ആഴ്‌ച ഗർഭിണിയാണ് പെൺകുട്ടി.
ഗർഭം തുടരുന്നത് കുട്ടിയുടെ മാനസിക നിലയെ പ്രതികൂലമായി ബാധിക്കുമെന്ന മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് ഗർഭഛിദ്രത്തിനായുള്ള ഹർജി കോടതി അനുവദിച്ചത്. പെണ്‍കുട്ടിയുടെ അമ്മയാണ് ഇക്കാര്യമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കുട്ടിക്ക് 17 വയസ് മാത്രമേ പ്രായമുള്ളൂ എന്നതിനാല്‍ ഗർഭം നിലനിർത്തുന്നത് പെൺകുട്ടിയുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തി. ഗർഭഛിദ്രത്തിനുള്ള നടപടിക്രമങ്ങളും അനുബന്ധ പ്രശ്‌നങ്ങളും പെൺകുട്ടിയോട് വിശദീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: Mofiya Parveen suicide: ആലുവ എസ്.പി ഓഫിസിന് മുന്നിലെ സമരം കോണ്‍ഗ്രസ് അവസാനിപ്പിച്ചു
ഗർഭഛിദ്രം നടത്താൻ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജ് സൂപ്രണ്ടിനെ കോടതി ചുമതലപ്പെടുത്തി. കുഞ്ഞ് ജീവനോടെയാണ് ജനിക്കുന്നതെങ്കിൽ നിയമപ്രകാരം ആവശ്യമായ കാര്യങ്ങൾ മെഡിക്കൽ കോളജ് ചെയ്യും.
അല്ലാത്തപക്ഷം ഡിഎൻഎ പരിശോധനക്കായി സാമ്പിള്‍ ശേഖരിക്കും. ഡിഎൻഎ പരിശോധനയുടെ വിവരങ്ങൾ കേസിന്‍റെ തുടര്‍നടപടികള്‍ക്കായി ഉപയോഗിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.