എറണാകുളം: കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. വ്യാപാര്‍-2022 വ്യാപാര മേള കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാക്കനാട് സ്ഥിരം എക്‌സിബിഷൻ കൺവെൻഷൻ സെന്‍റർ നിലവിൽ വരുന്നതോടെ, സർക്കാർ മുൻകൈയ്യെടുത്ത് രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാർ എല്ലാ വർഷവും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ ആർക്കും 50 കോടി രൂപ വരെയുള്ള വ്യവസായം മൂന്നു വർഷം വരെ ലൈസൻസ് ഇല്ലാതെ ആരംഭിക്കാൻ സാധിക്കും. 50 കോടി രൂപയ്ക്ക് മുകളിലുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് നൽകാനുള്ള സംവിധാനവും നിലവിലുണ്ട്. സംരംഭക വർഷമായിട്ടാണ് ഈ വർഷം ആചരിക്കുന്നത്. ഒരു ലക്ഷത്തിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
മികച്ച പ്രതികരണമാണ് സംരംഭകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ടി.സി.എസ് കമ്പനി 32 എക്കറിലെ കാമ്പസ് കാക്കനാട് ആരംഭിക്കുകയാണെന്നും ഐ.ബി.എം കമ്പനിയുടെ ഓപ്പറേഷൻ സെന്‍റർ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. മികച്ച വ്യവസായ അന്തരീക്ഷം രൂപപ്പെട്ടു വരുന്നതിന്‍റെ സൂചനകളാണിതെല്ലാം. സുസ്ഥിരവും സുതാര്യവുമായ ഒരു വ്യാപാര അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത്തരം വ്യാപാരമേളയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏഴാമത് മേളയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഫാഷന്‍ ഡിസൈനിഗ്, ഫര്‍ണിഷിങ് ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, കരകൗശലവസ്തുക്കള്‍, മുള തുടങ്ങിയ മേഖകളില്‍ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
അതോടൊപ്പം സംസ്ഥാനത്തെ മറ്റ് പ്രധാന വ്യവസായ മേഖലകളായ ഭക്ഷ്യ സംസ്‌കരണം, കൈത്തറി, വസ്ത്രങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും മേളയ്ക്കുണ്ട്. മേളയുടെ ലോഗോ ഉൾപ്പെടെ ഫോട്ടോ പ്രിന്‍റ് നൽകുന്ന 'സെൽഫി റോബോ' മേളയിലെത്തുന്നവരെ ആകർഷിക്കുന്നു.