കൊച്ചി (എറണാകുളം) : ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്ന പ്രത്യേക വേതനം 'സ്പെഷ്യൽ അലവൻസ്' എന്ന് പുനർനാമകരണം ചെയ്‌ത സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി തടഞ്ഞു. ഇത് ഭരണ നിർവഹണ ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ആനുകൂല്യം നിഷേധിക്കാനുള്ള ശ്രമമാണെന്നും പ്രഥമദൃഷ്‌ട്യാ നിലനിൽക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. കേരള ജുഡീഷ്യൽ ഓഫീസേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് നടപടി.
ജസ്റ്റിസ് വി ജി അരുണാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അസോസിയേഷന്‍റെ ഹർജിയിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി സർക്കാരിന് നോട്ടിസ് അയച്ചു. പ്രത്യേക വേതനത്തെ സ്പെഷ്യല്‍ അലവൻസായി വിശേഷിപ്പിച്ചത് അച്ചടിപ്പിശകല്ലെന്നും ഏറ്റവും പുതിയ സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ബോധപൂർവമായ കെടുകാര്യസ്ഥതയാണെന്നും അസോസിയേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജാജു ബാബു കോടതിയെ അറിയിച്ചു.
ഭരണനിർവഹണ ജോലിയുള്ള ഉദ്യോഗസ്ഥർക്കും ഈ സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കണമെന്ന ഷെട്ടി കമ്മിഷൻ എന്നറിയപ്പെടുന്ന ഒന്നാം ദേശീയ ജുഡീഷ്യൽ കമ്മിഷന്‍റെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക വേതനം എന്ന ആശയം വികസിപ്പിച്ചതെന്നും അസോസിയേഷൻ ഹർജിയിൽ പറയുന്നു. സുപ്രീം കോടതി ഈ ശിപാർശ അംഗീകരിക്കുകയും പ്രത്യേക വേതനം നൽകുന്നതിൽ തീരുമാനമെടുക്കാൻ ഹൈക്കോടതികളോട് ആവശ്യപ്പെടുകയും ചെയ്‌തു.
2006-ൽ ഹൈക്കോടതി പ്രത്യേക വേതനം അനുവദിക്കുന്നതിനുള്ള നിർദ്ദേശം സംസ്ഥാന സർക്കാരിന് നല്‍കിയിരുന്നു. ഭരണനിർവഹണ ചുമതലയുള്ള ജുഡീഷ്യൽ ഓഫീസർമാർക്ക് സംസ്ഥാന സർക്കാർ പ്രത്യേക വേതനം അനുവദിച്ചു. എങ്കിലും അതിനെ 'സ്പെഷ്യൽ അലവൻസ്' എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ഷെട്ടി കമ്മിഷൻ റിപ്പോർട്ട് ശിപാർശ പ്രകാരം സ്പെഷ്യൽ അലവൻസിന്റെ പേര് 'പ്രത്യേക ശമ്പളം' എന്ന് പുനർനാമകരണം ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. 2010 ൽ സംസ്ഥാന സർക്കാർ ഇത് പാലിച്ചെന്നും ഹർജിയിൽ പറയുന്നു.
ശമ്പളവും പെൻഷനറി ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് പ്രത്യേക ശമ്പളം കണക്കാക്കില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. എന്നാല്‍ ഈ തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കി. 2019 ൽ 'പ്രത്യേക ശമ്പളം' റിട്ടയർമെന്‍റ് ആനുകൂല്യങ്ങളുടെ ഭാഗമായി കണക്കാക്കണമെന്ന് പറഞ്ഞു. 2019ലെ നിർദേശത്തിനെതിരായ സംസ്ഥാനത്തിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളിയെന്നും 2022ലെ സർക്കാർ പ്രത്യേക വേതനത്തെ സ്‌പെഷ്യൽ അലവൻസായി പുനർനാമകരണം ചെയ്യാനുള്ള തീരുമാനം കേരള ഹൈക്കോടതിയുടെ ഉത്തരവുകളെയും വിധികളെയും അവഹേളിക്കുന്നതാണെന്നും അസോസിയേഷൻ വ്യക്തമാക്കി.