എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. നടി കാവ്യ മാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാൻ കാവ്യ മാധവന് ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകി.
അതേസമയം, എട്ടാം പ്രതി ദിലീപിൻ്റെ സഹോദരി ഭർത്താവ് സുരാജും സുഹൃത്ത് ശരത്തുമായി നടത്തിയ ഫോൺ സംഭാഷണം ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഈ സംഭാഷണത്തിലാണ് കാവ്യയുടെ പങ്ക് സംബന്ധിച്ച് സൂചന നൽകുന്നത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്നും കാവ്യയും സുഹൃത്തുക്കളും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു.
ഇതേതുടർന്ന് അവർ പണി കൊടുത്തുവെന്നാണ് സുരാജ് വ്യക്തമാക്കുന്നത്. ഈ ശബ്‌ദരേഖയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലും കാവ്യ മാധവനെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു.
നേരത്തെയും വിളിച്ച് ക്രൈംബ്രാഞ്ച്, ഹാജരാകാതെ കാവ്യ : നടിയെ ആക്രമിച്ച കേസിൽ മാഡമുണ്ടെന്ന് ഒന്നാം പ്രതി പൾസർ സുനി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാലചന്ദ്രകുമാർ പുറത്തുവിട്ട ദിലീപിൻ്റെ സംഭാഷണത്തിലും 'ഞാൻ നിനക്ക് വേണ്ടി ഇത് ഏറ്റെടുത്തു'വെന്ന പരാമർശമുണ്ടായിരുന്നു.
ALSO READ | 'കാവ്യ മാധവനെ ചോദ്യം ചെയ്യണം'; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ
ഇതെല്ലാം കാവ്യ മാധവനിലേക്ക് വിരൽ ചൂണ്ടുന്നതാണെന്നാണ് വിലയിരുത്തുന്നത്. ഈയൊരു സാഹചര്യത്തിലാണ് കാവ്യയെ ചോദ്യം ചെയ്‌ത് വ്യക്തത വരുത്താൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്. നേരത്തെ കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി വിളിച്ചിരുന്നെങ്കിലും ചെന്നൈയിലാണെന്നായിരുന്നു മറുപടി ലഭിച്ചത്.