എറണാകുളം: കതിരൂർ മനോജ് വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെ പതിനഞ്ച് പ്രതികൾക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത് . കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന വ്യവസ്ഥ. യുഎപിഎ കേസിൽ സുപ്രീം കോടതിയുടെ പുതിയ മാർഗനിർദ്ദേശപ്രകാരമാണ് കോടതി ജാമ്യം അനുവദിച്ചത്.
25 പ്രതികളുള്ള കേസിൽ പത്ത് പേർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇരുപത്തിയഞ്ചാം പ്രതിയും സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ജയരാജനും ഇതിൽ ഉൾപ്പെടുന്നു. സിബിഐ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയതെന്ന ആരോപണമുയർന്ന കേസാണിത്. സിബിഐയുടെ എതിർപ്പ് അവഗണിച്ചാണ് കോടതി 15 പ്രതികൾക്കും ജാമ്യം അനുവദിച്ചത്.