എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur bank scam) കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്‌ത് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement directorate). പിപി കിരൺ, സതീഷ് കുമാർ എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്‌തത്. ഇരുവരെയും ഇന്ന് (5-9-2023) രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
ഇരുവർക്കും ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക പങ്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സതീഷ് കുമാർ പ്രമുഖരുടെ ബിനാമിയെന്നാണ് ഇഡിയുടെ ആരോപണം. പിപി കിരൺ ക്രമക്കേടിൽ കമ്മിഷൻ ഏജന്‍റായി പ്രവർത്തിച്ചെന്നാണ് ഇഡി അന്വേഷണത്തിൽ വ്യക്തമായത്. കരുവന്നൂർ കേസിൽ കൂടുതൽ പേരെ അറസ്റ്റുചെയ്യുമെന്നാണ് ഇഡി നൽകുന്ന സൂചന.
മുൻ മന്ത്രിയും സിപിഎം നേതാവുമായ എസി മെയ്‌തീൻ ഇന്നലെയും എൻഫോഴ്‌സ്‌മെന്‍റെ് ഡയറക്‌ടറേറ്റിന് മുമ്പിൽ ഹാജരായിരുന്നില്ല. കൂടുതൽ സമയം അനുവദിക്കണമെന്ന എസി മൊയ്‌തിന്‍റെ ആവശ്യം അംഗീകരിക്കേണ്ടതില്ലന്നാണ് ഇഡിയുടെ നിലപാട്.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും എസി മൊയ്‌തീന് നോട്ടിസ് അയക്കും. ഇനിയും ഹാജരായില്ലങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് ഇഡി നൽകുന്ന സൂചന. അതേസമയം, ഇത് രണ്ടാം തവണയാണ് എസി മൊയിതീൻ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയത്.
ഓഗസ്റ്റ് 31ന് ഹാജരാകാൻ ആദ്യ തവണ ഇഡി നോട്ടിസ് നൽകിയെങ്കിലും സാവകാശം തേടുകയായിരുന്നു. നോട്ടിസ് ലഭിക്കാൻ വൈകിയതിനാൽ ഹാജരാകാൻ അസൗകര്യം അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇന്നലെ ഹാജരാകാൻ നോട്ടിസ് നൽകിയതെങ്കിലും ഒദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാണിച്ച് എസി മൊയ്‌തീൻ ഇന്നലെയും ഇഡിക്ക് മുമ്പിൽ എത്തിയില്ല.
പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകേണ്ടതില്ലെന്ന പാർട്ടി തീരുമാനപ്രകാരമാണ് എസി മൊയ്‌തീൻ ഇന്നലെയും ഇഡിക്ക് മുമ്പിൽ ഹാജരാകത്തതെന്നാണ് സൂചന. അതേസമയം ഇഡി നോട്ടിസ് വീണ്ടും ലഭിച്ചാൽ ഉപതെരെഞ്ഞെടുപ്പിന് ശേഷം ഏത് ദിവസവും എസി മൊയ്‌തീൻ ഹാജരാകുമെന്നാണ് വിവരം.
പത്ത് വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ ഇഡി, എസി മൊയ്‌തിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീമിനെയും, പിപി കിരൺ, സതീഷ് കുമാർ എന്നിവരെ ഇഡി ഇന്നലെ ചോദ്യം ചെയ്യുകയും രണ്ട് പേരുടെ അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. എസി മൊയ്‌തീന്‍റെ ബിനാമിയാണന്ന് ഇഡി സംശയിക്കുന്ന ബിജു കരീമിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം എസി മൊയ്‌തീനെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.
അതേസമയം ഇന്ന് രണ്ട് പേരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുകയായിരുന്നു ഇഡിയുടെ ലക്ഷ്യം വിശദമായി ചോദ്യം ചെയ്‌ത് മൊഴി രേഖപ്പെടുത്തിയശേഷമായിരിക്കും മുൻ മന്ത്രിയെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. എസി മൊയ്‌തീന്‍റെ വീട്ടിൽ ഇഡി, 22 മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഇഡി ഇറക്കിയ വാർത്താക്കുറിപ്പിൽ എസി മൊയ്‌തിനെ കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം, മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് ക്രമവിരുദ്ധമായി വായ്‌പ നൽകിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഓഗസ്റ്റ് 22ന് കേരളത്തിൽ അഞ്ച് സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. എസി മൊയ്‌തീന്‍, കിരൺ പിപി, റഹീം സിഎം, ഷിജു എംകെ, സതീഷ്‌കുമാര്‍ പി എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്.
പാവപ്പെട്ട അംഗങ്ങളുടെ വായ്‌പകൾ അവരുടെ അറിവില്ലാതെ കുറ്റാരോപിതർക്ക് പ്രയോജനം ചെയ്യാനായി വെട്ടിച്ചുരുക്കിയതായും ഇഡി ആരോപിക്കുന്നു. മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തിലുള്ള നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി ആരോപിച്ചിരുന്നു. എസി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 36 പേരുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയിട്ടുണ്ട്. പതിനഞ്ച് കോടി വിലമതിക്കുന്നതാണ് ഇത്. 150 കോടിയുടെ തട്ടിപ്പുനടന്ന കരുവന്നൂർ ബാങ്ക് കേസിൽ നേരത്തെ എകെ ബിജോയിയുടെ 30 കോടിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു. അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചിരുന്നു.