എറണാകുളം: കൊവിഡ് പശ്ചാത്തലത്തിൽ കര്‍ക്കടക വാവിന് ആൾക്കൂട്ടമില്ലാതെ ആലുവ മണപ്പുറം. ബലിതർപ്പണത്തിനായി വൻ ജനാവലിയാണ് ഇവിടേക്ക് മുൻ വർഷങ്ങളില്‍ എത്തിയിരുന്നത്. ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുന്ന വിശ്വാസികൾ പെരിയാറിൽ മുങ്ങി കുളിച്ചു മടങ്ങുന്നതാണ് പതിവ്. എന്നാൽ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഇത്തവണ മണപ്പുറത്ത് ബലിതർപ്പണത്തിന് അനുമതി നൽകിയിട്ടില്ല.
മഹാമാരിയിലും പിതൃസ്‌മരണയിൽ വിശ്വാസികൾ
അതേസമയം മഹാദേവ ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടുകൂടിയ ദർശനത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിട്ടുണ്ട്. പിതൃക്കൾക്കായി വഴിപാട് നടത്തുന്നവർ മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്താണ് ക്ഷേത്രത്തിലെത്തിയത്. ഒരേസമയം പതിനഞ്ച് പേർക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനാനുമതി.
കര്‍ക്കടക വാവ് ബലി വീടുകളിൽ തന്നെ നിർവ്വഹിക്കണമെന്ന നിർദേശം ഭക്ത ജനങ്ങൾ അംഗീകരിക്കുകയായിരുന്നു. ചില കാർമികരുടെ നേതൃത്വത്തിൽ ഓൺലൈനിലൂടെ പ്രവാസികളുൾപെടെ നിരവധി പേർ ബലിതർപ്പണ ചടങ്ങുകൾ നിർവ്വഹിച്ചു. ഗൾഫിലും ചെന്നൈ, ബംഗളൂരു, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളിലുമുള്ള പ്രവാസികൾക്ക് രാവിലെ ഏഴര മുതലാണ് ഓൺലൈനായി ബലികർമങ്ങൾ ഇവർ വിശദീകരിച്ചു നൽകിയത്.
ALSO READ: ഇന്ന് കര്‍ക്കടക വാവ്, ചടങ്ങുകൾ വീടുകളില്‍ മാത്രം
കര്‍ക്കടക വാവ് ദിനത്തിൽ ബലിതർപ്പണം നടത്തുന്നത് പിതൃക്കൾക്ക് മോക്ഷം ലഭിക്കുന്നതിന് കാരണമാകുമെന്നാണ് ഹൈന്ദവ വിശ്വാസം. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി ലക്ഷകണക്കിനാളുകളാണ് മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾക്കായി ഒരോ വർഷവും എത്തിയിരുന്നത്. കഴിഞ്ഞ തവണയും കൊവിഡിനെ തുടർന്ന് ഇവിടെ ബലിതർപ്പണ ചടങ്ങുകൾ മുടങ്ങിയിരുന്നു.