എറണാകുളം: ജില്ലയിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് പ്രസിഡന്‍റായി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കാന്തി വെള്ളക്കയ്യൻ ചുമതലയേറ്റു. പ്രസിഡൻ്റ് സ്ഥാനം പട്ടികവർഗ സംവരണമായ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ ഭരണം യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 17 വാർഡുകളിൽ പത്തും നേടിയാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്. കുട്ടമ്പുഴ പഞ്ചായത്തിൽ മൂന്ന് പട്ടികവർഗ സംവരണ വാർഡുകളാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികളും തോറ്റതോടെ കാന്തി പ്രസിഡന്‍റ് പദവിയിലേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ അംഗമായിരുന്ന പ്രവർത്തന പരിചയവും കാന്തിക്ക് ഉണ്ട്. പ്രസിഡന്‍റ് സ്ഥാനത്തെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആദിവാസി സമൂഹത്തിന് വേണ്ടിയും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ ജനങ്ങൾക്കു വേണ്ടിയും നിലകൊള്ളുമെന്ന് കാന്തി പറഞ്ഞു. എൽഡിഎഫിലെ ചന്ദ്രിക അനൂപിന് ഏഴ് വോട്ടും യുഡിഎഫിലെ കാന്തി വെള്ളക്കയ്യന് 10 വോട്ടും ലഭിച്ചു. കാന്തിയുടെ ആങ്ങളയുടെ മകൾ ചന്ദ്രികയായിരുന്നു എതിർ സ്ഥാനാർത്ഥി. സത്യപ്രതിജ്ഞക്ക് ശേഷം പ്രസിഡന്‍റായി ചുമതലയേറ്റ കാന്തിയെ ഊരിലുള്ളവരും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. ആദ്യമായി ആദിവാസി മേഖലയിൽ നിന്ന് ഒരു പഞ്ചായത്ത് പ്രസിഡന്‍റ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കാണിക്കാരൻ വ്യക്തമാക്കി.
കാട്ടാന ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ പ്രശ്‌ന പരിഹാരത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പഞ്ചായത്ത് പ്രസിഡന്‍റ് കാന്തിക്ക് മുമ്പില്‍ ആദ്യം എത്തിയത്. തുർന്ന് ഊരുവാസികളുടെ നേതൃത്വത്തിൽ കുമ്മിയടിയും ആഹ്ലാദ പ്രകടനവും നടന്നു.