എറണാകുളം : കണ്ടല ബാങ്ക് കേസിൽ പ്രതിയായ മുൻ സിപിഐ നേതാവും ബാങ്ക് മുൻ പ്രസിഡന്‍റുമായ ഭാസുരാംഗൻ ബെനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയെന്ന് ഇഡിയുടെ റിമാൻഡ് റിപ്പോർട്ട് (ED remand report in Kandala Co-operative Bank fraud case). കൊച്ചിയിലെ (പിഎംഎൽഎ) കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഗുരുതരമായ ആരോപണങ്ങൾ ഉള്ളത്.
51 കോടി രൂപയാണ് ബെനാമി ലോൺ വഴി തട്ടിയെടുത്തത്. അജിത് കുമാർ, ശ്രീജിത് തുടങ്ങിയ പേരുകളില്‍ ലോൺ തട്ടിപ്പ് നടന്നതായും ഇഡി വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയ ഈ ലോണിനെ കുറിച്ചുള്ള വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിയ്ക്ക് നിർദേശം നൽകിയതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ഭാസുരാംഗൻ കുടുംബാംഗങ്ങളുടെ പേരിലും ലോൺ തട്ടിപ്പ് നടത്തി. ഒരേ വസ്‌തു ഒന്നിലേറെ ലോണിന് ഈടാക്കി വച്ചാണ് തട്ടിപ്പ് നടത്തിയത്. ആകെ രണ്ട് കോടി 34 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും ഇഡി ആരോപിക്കുന്നു. ഭാസുരാംഗന്‍റെ മകനും ലോൺ തട്ടിപ്പ് നടത്തി.
74 ലക്ഷം രൂപയാണ് അഖിൽജിത്ത് ബാങ്കിൽ നിന്ന് ലോൺ എടുത്തത്. ഒരേ വസ്‌തു ഒന്നിലേറെ ലോണിനായി ഈടാക്കി വയ്ക്കുകയും ചെയ്‌തു. അഖിൽജിത്തിന് വാർഷിക വരുമാനം 10 ലക്ഷം മാത്രമാണ്. എന്നാൽ, നിരവധി കമ്പനികളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചു.
സൂപ്പർ മാർക്കറ്റുകൾ, ട്രേഡിങ് കമ്പനി അടക്കമുള്ളവയിൽ നിക്ഷേപം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഭാസുരാംഗനും മകൻ അഖിൽജിത്തും നിലവിൽ ഇഡി കസ്റ്റഡിയിലാണ്. ഇരുവരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്. 24-ാം തീയതി വരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്.
പ്രതികളെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള പ്രതി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണം. പ്രതികൾ അന്വേഷണവുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം.
ചൊവ്വാഴ്‌ച (നവംബർ 21) പത്ത് മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയായിരുന്നു ഇരുവരെയും ഇഡി അറസ്റ്റ് ചെയ്‌തത്. ഭാസുരാംഗനെ മൂന്ന് തവണകളായി മണിക്കൂറുകളോളം ഇഡി ചോദ്യം ചെയ്‌തിരുന്നു. ഭാസുരാംഗന്‍റെ തിരുവനന്തപുരത്തെ വസതിയിൽ ഇഡി പരിശോധന നടത്തുകയും ചില രേഖകൾ കണ്ടെത്തുകയും ചെയ്‌തിരുന്നു.
ഭാസുരാംഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തിരുന്നു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുൾപ്പടെ മൊഴി എടുക്കുകയും ബാങ്ക് മുൻ പ്രസിഡന്‍റ് ഭാസുരാംഗനെതിരെ നിർണായക തെളിവുകൾ ഇഡി ശേഖരിക്കുകയും ചെയ്‌തു. ബാങ്ക് പ്രസിഡന്‍റ് ആയിരിക്കെ ഭാസുരാംഗനും മകനും വലിയ തോതിൽ സാമ്പത്തിക പുരോഗതി നേടിയിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
എന്നാൽ, ഇരുവർക്കും ഇതുമായി ബന്ധപ്പെട്ട വരുമാന സ്രോതസ് തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരുടെ മൊഴികൾ തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടായിരുന്നു. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ആരോപണം. ഇരുവർക്കുമെതിരായ വ്യക്തമായ തെളിവുകൾ ഇഡി ശേഖരിച്ചിരുന്നു. തുടർന്നാണ് നിർണായകമായ അറസ്റ്റിലേക്ക് ഇഡി കടന്നത്. ഇരുവരുടെയും സ്വത്തുകൾ കണ്ട് കെട്ടുന്നതിനുള്ള നടപടികളും ഇഡി ആരംഭിച്ചിട്ടുണ്ട്.