സി അച്യുതമേനോനും പികെവിയും എന്‍ ഇ ബലറാമും വെളിയം ഭാര്‍ഗവനും കഴിഞ്ഞാല്‍ ദീര്‍ഘ കാലം സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിലിരുന്ന നേതാവാണ് കാനം. ഇടതു മുന്നണിക്ക് സംസ്ഥാനത്ത് തുടര്‍ഭരണം കിട്ടിയ സാഹചര്യത്തിലായിരുന്നു കാനത്തിന്‍റെ നേതൃത്വം എന്നതും ഓര്‍ക്കേണ്ടതാണ്. പാര്‍ട്ടി ഭരണത്തിലിരിക്കുന്ന സമയമായതിനാല്‍ത്തന്നെ വിമര്‍ശനങ്ങളും വിവാദങ്ങളും നിരവധിയായിരുന്നു. സിപിഐയുടെ സ്ഥാനാര്‍ഥിമാരുടെയും മന്ത്രിമാരുടെയും തെരഞ്ഞെടുപ്പ് തൊട്ട് കാനത്തിനു നേരെ വിമര്‍ശന ശരങ്ങളുയര്‍ന്നു (Kanam Rajendran political controversies).
2016 ല്‍ ഇടതു മുന്നണിക്ക് 91 എംഎല്‍എമാരെ കിട്ടിയപ്പോള്‍ 19 സീറ്റുകളില്‍ സിപിഐ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കാനത്തിന് കഴിഞ്ഞു (Kanam Rajendran political career). ഇത്തവണ 2021 ല്‍ പാര്‍ട്ടി എംഎല്‍എമാരുടെ എണ്ണം 17 ആയി കുറഞ്ഞു. ഇടതു മുന്നണിയിലെത്തിയ ജോസ് കെ മാണി വിഭാഗത്തിന് അനര്‍ഹമായ പരിഗണന നല്‍കുന്നുവെന്ന സിപിഐയുടെ എതിര്‍പ്പ് വകവക്കാതെ 2021ല്‍ സിപിഎം അവര്‍ക്ക് 13 സീറ്റ് വിട്ടു നല്‍കിയത് കാനത്തിന്‍റെ പിടിപ്പു കേടായി പാര്‍ട്ടിയില്‍ ഒരു വിഭാഗം വിലയിരുത്തി.
അതേസമയം മുന്നണിയില്‍ സിപിഎം നേതൃത്വവുമായി നല്ല ധാരണയിലും ഐക്യത്തിലുമായിരുന്നു കാനം പ്രവൃത്തിച്ചത്. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ സിപിഎമ്മുമായി ഏറ്റുമുട്ടലിന് കാനം മുതിര്‍ന്നു. അതിലൊന്ന് 2022 ലെ ലോകായുക്ത നിയമ ഭേദഗതി നിയമത്തിന്‍റെ കാര്യത്തിലായിരുന്നു. ലോകായുക്തയുടെ സ്വതന്ത്ര അധികാരങ്ങള്‍ കവരുന്ന തരത്തില്‍ ഓര്‍ഡിനന്‍സ് നേരിട്ട് നിയമമാക്കുന്നതിലായിരുന്നു കാനം എതിര്‍പ്പറിയിച്ചത്.
ലോകായുക്ത നല്‍കുന്ന ശുപാര്‍ശകളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നല്‍കുന്നതിനെതിരെ സിപിഐ മന്ത്രിമാരും സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കാനവും ശക്തമായി പ്രതികരിച്ചു. എസ്എഫ്ഐ നേതാക്കളുടെ മാര്‍ക്ക് ലിസ്റ്റ് തിരുത്തല്‍ കേസിലും മാര്‍ക്ക് ദാന കേസുകളിലുമെല്ലാം മൃദു വിമര്‍ശമനമാണ് കാനത്തിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന ആക്ഷേപം സിപിഐക്കകത്ത് ഉണ്ടായിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകും എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്‌താവന ശുദ്ധ അബദ്ധമാണെന്ന് തുറന്ന് പറയാന്‍ കാനം മടിച്ചില്ല. 50 വര്‍ഷത്തിലേറെ കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡത്തിലെ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകും എന്ന് പറയാന്‍ ഗോവിന്ദന് മാത്രമേ കഴിയൂ എന്നും കാനം തുറന്നടിച്ചു.
എന്നാല്‍ കെ റെയില്‍ വിഷയത്തിലും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലും എ ഐ ക്യാമറ വിവാദത്തിലുമൊക്കെ സിപിഎം നിലപാടിനൊപ്പം നിന്ന കാനത്തിനെതിരെ പാര്‍ട്ടിക്കകത്ത് വിമര്‍ശനം ശക്തമായിരുന്നു. മുന്‍ കാലങ്ങളിലൊക്കെ ഇടതു സര്‍ക്കാരുകളില്‍ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐ കാനം സെക്രട്ടറിയായതോടെ സിപിഎമ്മിന്‍റെ കാല്‍ക്കീഴിലായെന്ന് വരെ വിമര്‍ശനം നീണ്ടു. സോളാര്‍ സമരത്തില്‍ ഒത്തു തീര്‍പ്പ് നടന്നുവെന്നും സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ കോടികള്‍ കൈപ്പറ്റി റിപ്പോര്‍ട്ട് എഴുതി വിടുകയായിരുന്നുവെന്നുമുള്ള സി. ദിവാകരന്‍റെ ആത്മ കഥയിലെ പരാമര്‍ശങ്ങളും കാനത്തിന് വലിയ തലവേദന സൃഷ്‌ടിച്ചിരുന്നു. അത് പാര്‍ട്ടി നിലപാടല്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു കാനം ചെയ്‌തത്. സ്വര്‍ണ കടത്ത് കേസില്‍ കാനവും സിപിഐയും സ്വീകരിച്ച മൗനവും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു.
പാര്‍ട്ടിയിലെ തന്‍റെ എതിര്‍ പക്ഷത്തെ ചട്ടവും നിയമവും കാട്ടി ഒതുക്കിയ കാനം വലിയ എതിര്‍പ്പുകളെ മറികടന്നാണ് മൂന്നാം വട്ടവും സെക്രട്ടറിയായത്. സിപിഐ കേന്ദ്ര നേതൃത്വത്തിന്‍റെ സമവായ നീക്കങ്ങളിലൂടെ മത്സരം ഒഴിവാവുകയായിരുന്നു. കെ ഇ ഇസ്‌മായില്‍ തന്നെയാണ് കാനം രാജേന്ദ്രന്‍റെ പേര് അവിടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്താങ്ങുകയും ചെയ്‌തു.
പ്രായപരിധി കർശനമായി നടപ്പാക്കിയതോടെ മുതിർന്ന നേതാക്കളായ കെ ഇ ഇസ്‌മായിലും സി. ദിവാകരനും സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്‌തു. കോട്ടയം, മലപ്പുറം, തിരുവനതപുരം സംസ്ഥാന സമ്മേളനങ്ങളില്‍ കാനത്തിന്‍റെ അപ്രമാദിത്യം ചോദ്യം ചെയ്യാന്‍ എതിർ പക്ഷത്തിന് കഴിഞ്ഞിരുന്നില്ല. തിരുവനതപുരം സമ്മേളനത്തിന് തൊട്ടുമുമ്പ് സെക്രട്ടറി സ്ഥാനത്തേക്ക് ചരിത്രത്തിൽ ആദ്യമായി മത്സരം നടക്കുമെന്ന ഘട്ടം വരെയെത്തിയിരുന്നു.
പാർട്ടിയിലെ എതിർ സ്വരങ്ങളെയെല്ലാം തച്ചുടച്ച് മുന്നേറിയ കാനം അരങ്ങൊഴിയുമ്പോള്‍ പുതിയ നേതൃനിരയ്ക്ക് സിപിഐയില്‍ വഴി ഒരുങ്ങുകയാണ്.