എറണാകുളം : കളമശ്ശേരി സ്ഫോടനക്കേസിൽ സ്വമേധയാ കീഴടങ്ങിയ പ്രതി ചെലവന്നൂർ സ്വദേശി ഡൊമിനിക് മാർട്ടിന്‍റെ ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ (Kalamassery Blast Accused Dominic Martin). സാധാരണ പ്രതികൾ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിക്കാറുള്ളതെങ്കിലും ഡൊമിനിക് തെളിവുകളെല്ലാം സ്വയം ശേഖരിച്ച് പൊലീസിന് കൈമാറിയിരിക്കുകയാണ്. പ്രതി നൽകിയ തെളിവുകൾ സത്യമാണോ എന്നാണ് കൊച്ചി ഡിസിപി എസ് ശശിധരൻ ഐപിഎസിന്‍റെ നേത്യത്വത്തിൽ പരിശോധിച്ച് വരുന്നത് (Kalamassery explosion accused Dominic Martin to the police).
വീഡിയോ ചിത്രീകരിച്ചത് പൂര്‍ണ ബോധ്യത്തോടെ : ചെയ്യാനിരിക്കുന്ന കുറ്റകൃത്യത്തിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ച് വിദ്യാസമ്പന്നനായ പ്രതിക്ക് ബോധ്യമുണ്ടായിരുന്നു. താൻ പിടിക്കപ്പെടുമെന്ന് ഉറപ്പുള്ളതിനാലും, താനാണിത് ചെയ്‌തതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനുമായിരുന്നു വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്‌തത്. ചാലക്കുടിയിലെ ഹോട്ടലിൽ മുറിയെടുത്ത് വീഡിയോ ചിത്രീകരിച്ചുവെന്നാണ് ഇയാൾ മൊഴി നൽകിയത്. ഇത് ശരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് സ്ഫോടക വസ്‌തു നിർമിക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. പടക്കവും പെട്രോൾ നിറച്ച ബോട്ടിലും ഐഇഡിയുടെ ഭാഗമായി ക്രമീകരിച്ചാണ് ഉഗ്ര സ്ഫോടനവും അഗ്നിബാധയും ഉണ്ടാക്കിയത്. പടക്കം തൃപ്പൂണിത്തുറയില്‍ നിന്നും പെട്രോള്‍ എറണാകുളത്തു നിന്നുമാണ് ഡൊമിനിക് വാങ്ങിയത്. ഈ വസ്‌തുക്കളെല്ലാം വാങ്ങിയതിന്‍റെ ബില്ലുകൾ ഉൾപ്പടെ ഇയാള്‍ ശേഖരിക്കുകയും പൊലീസിന് കൈമാറുകയും ചെയ്‌തിട്ടുണ്ട്.
വീട്ടില്‍ വച്ച് ബോംബ് നിര്‍മാണം, ആരും സംശയിച്ചില്ല : തമ്മനത്ത് ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽ വച്ചാണ് ശനിയാഴ്‌ച സ്ഫോടക വസ്‌തു നിർമിച്ചത്. ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നുവെങ്കിലും അവർ അറിയാതെയായിരുന്നു ഇയാളുടെ ബോംബ് നിർമാണം. ശാസ്ത്ര വിഷയങ്ങളിൽ തത്‌പരനായ ഡൊമിനിക് പലതരത്തിലുള്ള പരീക്ഷണങ്ങളും സ്വന്തമായി നടത്താറുള്ളതിനാൽ വീട്ടുകാർക്കും സംശയം തോന്നിയിരുന്നില്ല. പുലർച്ചെ അഞ്ചു മണിയോടെ രണ്ട് ബിഗ് ഷേപ്പറുകളിൽ ബോംബുമായി യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന സാമ്രാ കൺവെൻഷൻ സെന്‍ററിലേക്ക് തിരിക്കുകയായിരുന്നു.
രാവിലെ ഏഴുമണിയോടെ കൺവെൻഷൻ സെന്‍ററിലേക്ക് പ്രവേശിക്കുന്ന വിശ്വാസികൾക്ക് ഒപ്പമാണ് ഇയാളും ഹാളിലേക്ക് പ്രവേശിച്ചത്. കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഭാര്യാമാതാവും ഉണ്ടായിരുന്നെങ്കിലും ഇവരുടെ ശ്രദ്ധയില്‍ പെടാതെയാണ് ഹാളില്‍ പ്രവേശിച്ചത്. ഭാര്യാമാതാവിന് പരിക്ക് പറ്റുമോയെന്ന കാര്യം പരിഗണിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു.
ആദ്യം സമ്മേളന ഹാളിന്‍റെ മധ്യഭാഗത്ത് ഇരുന്ന ഇയാൾ ഒരു ബിഗ് ഷോപ്പർ കസേരയ്ക്ക് അടിയിൽ വച്ചു. ഇതിന് ശേഷം അല്‍പം മാറി മറ്റൊരു കസേരിയില്‍ ഇരുന്നു. ഇവിടെ രണ്ടാമത്തെ സഞ്ചിയും വച്ചു. ഇതിനു ശേഷം സമ്മേളനം തുടങ്ങിയ സമയത്താണ് ഇവിടെ നിന്നും എഴുന്നേറ്റ് ഹാളിന്‍റെ പിന്നിലായി നിന്നത്.
മുകളിലേക്ക് ഉയര്‍ന്ന് തീയില്‍ പതിച്ച് ലയോണ : ആദ്യത്തെ സ്ഫോടക വസ്‌തു വച്ച കസേരയ്ക്ക് മുകളിലായിരുന്നു സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ട സ്ത്രീ ഇരുന്നതെന്നാണ് സംശയിക്കുന്നത്. സ്ഫോടനമുണ്ടായപ്പോൾ ഈ സ്ത്രീ മുകളിലേക് ഉയർന്ന് തീയിൽ പതിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. രണ്ടാമത്തെ കസേര ഒഴിഞ്ഞു കിടക്കുകയായിരുന്നു. മൊബൈൽ ഫോണിലെ റിമോട്ട് സംവിധാനം ഉപയോഗിച്ചാണ് പ്രതി സ്ഫോടനം നടത്തിയത്.
സ്ഫോടനം ഉണ്ടായ ഉടൻ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇതിനു ശേഷം ഹാളിൽ നിന്നും ഇറങ്ങി ബൈക്കിൽ തൃശൂരിലേക്ക് തിരിച്ചു. ചോദ്യം ചെയ്യലിലാണ് പ്രതി പൊലീസിന് ഈ വിവരങ്ങൾ കൈമാറിയത്. എന്നാൽ ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതോടൊപ്പം മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന മൊഴിയിൽ പ്രതി ഉറച്ചു നിൽകുകയാണ്. പ്രതിയുടെ മാനസികാരോഗ്യം ഉൾപ്പടെ പരിശോധിച്ച് കുഴപ്പമില്ലെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.
കൃത്യത്തിലേക്ക് നയിച്ചത് വിശ്വാസത്തോടുള്ള ആശയ സംഘട്ടനം: യഹോവ സാക്ഷി വിശ്വാസിയായിരുന്ന പ്രതി ആറു വർഷം മുമ്പാണ് ആശയപരമായ വിയോജിച്ച് വിശ്വാസത്തിൽ നിന്നും അകന്നത്. യഹോവ സാക്ഷികളുടെ പല വിശ്വാസവും കാലാനുസൃതമായി മാറ്റണമെന്ന ആവശ്യമായിരുന്നു ഡൊമിനിക് ഉന്നയിച്ചിരുന്നത്. എന്നാൽ ഇത് പരിഗണിക്കാതെ വന്നപ്പോള്‍ വിയോജിപ്പ് വെറുപ്പായി മാറുകയായിരുന്നു. യഹോവ വിശ്വാസികളെ പാഠം പഠിപ്പിക്കണമെന്ന തെറ്റായ ചിന്തയുടെ ഭാഗമായാണ് വാർഷിക കൺവെൻഷനിൽ സ്ഫോടനം നടത്താൻ തീരുമാനിച്ചത്.
വർഷങ്ങളായി പ്രവാസിയായ ഡൊമിനിക് ഒരു കമ്പനിയിൽ ഫോർമാനായി ജോലി ചെയ്‌തുവരികയായിരുന്നു. ഒന്നരമാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇതിനിടെ യൂട്യൂബ് നോക്കി സ്ഫോടക വസ്‌തു നിർമിക്കാനുള്ള അറിവ് ഇയാൾ നേടിയെടുത്തിരുന്നു. പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ട്രെയ്‌നറായും ജോലി ചെയ്‌തിരുന്നു. നേരത്തെ കടവന്ത്രയിൽ താമസിച്ചിരുന്ന ഡൊമിനിക്കും കുടുംബവും ഇപ്പോൾ താമസിക്കുന്നത് തമ്മനത്താണ്. ഈ വീടിന്‍റെ ഉടമയ്‌ക്കും ഡൊമിനിക്കിനെ കുറിച്ച് മോശമായി പറയാൻ ഒന്നുമില്ല. അധികം ആരുമായി സംസാരിക്കാത്ത ഡൊമിനിക് എല്ലാവരോടും ചിരിച്ച് നല്ല ബന്ധം പുലർത്തിയിരുന്നതായാണ് പരിസരവാസികൾ നൽകുന്ന വിവരം.
അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും : എൻഎസ്‌ജി സംഘവും പ്രതിയെ ചോദ്യം ചെയ്യുന്ന കളമശ്ശേരി എആർ ക്യാമ്പിൽ എത്തി. കേസ് എന്‍ഐഎ ഏറ്റെടുക്കുമെന്നാണ് സൂചന. ദേശീയ സംഘം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. യുഎപിഎ ചുമത്തിയ കേസിൽ എൻഐഎയ്‌ക്ക് നേരിട്ട് കേസ് ഏറ്റെടുക്കാൻ കഴിയും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് ഇറക്കേണ്ടത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ശേഷമായികും കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുക.