കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിന് ഹൈടെക് പരിശോധനാ സംവിധാനങ്ങൾ ഒരുങ്ങുന്നു. വിവിധ പരിശോധനാ സംവിധാനങ്ങളെ കോർത്തിണക്കി ആധുനിക ഡിജിറ്റൽ ഇമേജിങ് സെന്‍റർ അടുത്ത മാസത്തോടെ പ്രവർത്തനസജ്ജമാകും. 25 കോടി രൂപ മുതൽ മുടക്കിലാണ് സെന്റർ പണികഴിപ്പിക്കുന്നത്. എം.ആർ.ഐ സ്കാൻ, ഡിജിറ്റൽ റേഡിയോഗ്രഫി, ഡിജിറ്റൽ മാമോഗ്രാം, ഡിജിറ്റൽ ഫ്ലൂറോസ്കോപ്പി, ബോൺ ഡെൻസിറ്റൊ മീറ്റർ, പാക്സ് സംവിധാനം തുടങ്ങിയവയാണ് ഡിജിറ്റൽ ഇമേജിങ് സെന്ററിലുള്ളത്.
8 കോടി രൂപ മുതൽ മുടക്കിൽ ജർമൻ കമ്പനിയായ സീമെൻസിന്റെ 1.5 ടെസ്‌ല വൈഡ് ബോർ മാഗ്‌നറ്റോം സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്. ഡിജിറ്റൽ ഇമേജിങ് സെന്റർ പ്രവർത്തനം തുടങ്ങിയാൽ ചുരുങ്ങിയ ചെലവിൽ എം.ആർ.ഐ സ്കാനിങ് നടത്താൻ സാധിക്കും. തികച്ചും രോഗീസൗഹൃദമായാണ് സ്കാനിങ് മുറി സജ്ജീകരിച്ചിരിക്കുന്നത്. എക്സ് റേ ഇമേജിങിനുള്ള അത്യാധുനിക സംവിധാനമാണ് ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റം. സ്വകാര്യ ആശുപത്രികളിൽ 500 രൂപയ്ക്ക് നടത്തുന്ന ഡിജിറ്റൽ റേഡിയോഗ്രഫി പരിശോധനയ്ക്ക് 50 രൂപ മാത്രമേ മെഡിക്കൽ കോളജിൽ ഈടാക്കുകയുള്ളൂ. ഉപകരണം ചെറുതായി നീക്കി ശരീരത്തിന്‍റെ ഏത് ഭാഗത്തെയും എക്സറെ എടുക്കാന്‍ സാധിക്കും. കൺട്രോൾ റൂമിൽ നിന്ന് നിർദ്ദേശം കൊടുക്കുന്നതിന് അനുസരിച്ച് യന്ത്രം സ്വയം പ്രവർത്തിക്കും. നിമിഷങ്ങൾക്കകം എക്സറേയുടെ ഫിലിം രോഗിക്ക് ലഭിക്കുകയും ചെയ്യും.
റിയൽ ടൈം പ്രൊജക്ഷ്ൻ എക്സറെ ഇമേജ് ലഭിക്കുന്ന സംവിധാനമാണ് ഫ്ലൂറോസ്കോപ്പി. ബോൺ ഡെൻസിറ്റൊ മീറ്റർ ഉപയോഗിച്ച് എല്ലിന്റെ തേയ്‌മാനം കൃത്യമായി അറിയാൻ സാധിക്കും. പാക്സ് സംവിധാനം നിലവിൽ വരുന്നതോടെ ഫിലിം ഉപയോഗിക്കാതെ ഡോക്ടര്‍ക്ക് തന്റെ മുന്നിലെത്തുന്ന രോഗിയുടെ പരിശോധനാ ഫലം ഫിലിമിൽ കിട്ടുന്നതിനെക്കാൾ കൃത്യതയോടെ പരിശോധിക്കാൻ സാധിക്കും.
ഇവ കൂടാതെ മെഡിക്കൽ കോളജില്‍ പത്ത് ബെഡ്ഡുകളുള്ള രണ്ടാമത്തെ ഡയാലിസിസ് യൂണിറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് യൂണിറ്റ് നിർമ്മിച്ചിരിക്കുന്നത്. ഐ സി യു സംവിധാനങ്ങളോട് കൂടിയ ഡയാലിസിസ് യൂണിറ്റാണ് പുതുതായി ആരംഭിക്കുന്നത്.
നിലവിൽ ആറ് ഡയാലിസിസ് യന്ത്രങ്ങൾ ഉള്ള ഒരു ഡയാലിസിസ് യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് അഞ്ച് ഡയാലിസിസ് യന്ത്രങ്ങള്‍, ഇലക്ട്രിക്കലി ഓപ്പറേറ്റഡ് ഐ സി യു ബെഡ്, ആധുനിക സൗകര്യങ്ങളോടെ കണ്ടിന്യൂവസ് റീനൽ റീപ്ലേസ‌്മെന്‍റെ തെറാപ്പി (സിആർആർടി) മെഷീൻ, അഞ്ച് മൾട്ടി പാരാ മോണിറ്റർ, 7 കാർഡിയാക്ക് ടേബിൾ, മ്യൂസിക്ക് സിസ്റ്റം, പോർട്ടബിൾ വെന്റിലേറ്റർ , കണ്ടിന്യൂവസ് പോസിറ്റീവ് എയർവേ പ്രഷർ എന്നിവയും കിറ്റ് കോയുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് 4 യന്ത്രങ്ങളുമാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ ദിവസേന മൂന്ന് ഷിഫ്റ്റുകളിലായി 16 ഡയാലിസിസ് ചെയ്യുന്നുണ്ട്. പുറത്ത് 2,500 രൂപ വരെ ചെലവ് വരുന്ന ഡയാലിസിസിന് മെഡിക്കൽ കോളേജിൽ 400 രൂപയാണ് ഫീസ്.