കൊച്ചി: കലാഭവന്‍ മണിയുടെ മരണം ആസൂത്ര കൊലപാതകമെന്ന ആരോപണം തള്ളി സി.ബി.ഐ. മരണകാരണം അമിത മദ്യപാനത്തെ തുടര്‍ന്നുള്ള കരള്‍രോഗം. മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്ന് വ്യക്തമാക്കി. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതിനാലാണ് ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നു.
രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കണ്ടെത്തിയ സിബിഐ, മരണകാരണം കരള്‍ രോഗം രൂക്ഷമായതാണെന്ന് വ്യക്തമാക്കുന്നു. അമിതമായ മദ്യപാനം മൂലം കരൾ രോഗത്തിന്‍റെ ഏറ്റവും ഗുരുതരമായ ചൈല്‍ഡ് സി സിറോസിസ് എന്ന രോഗവസ്ഥയാണ് മണിയെ ബാധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ പ്രമുഖരായ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മരണകാരണം സിബിഐ സ്ഥിരീകരിച്ചത്. രോഗബാധിതനായ മണി അമിതമായി മദ്യം കഴിച്ചതോടെ മീഥൈല്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ പ്രവേശിച്ചു. എന്നാല്‍ ഇത് അപകടകരമായ അളവില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ അംശം ശരീരത്തിലുണ്ടാകാന്‍ കാരണം പച്ചക്കറി വേവിക്കാതെ കഴിച്ചതിനാലാണെന്നും വ്യക്തമായി. ആയുര്‍വേദ ലേഹ്യം കഴിച്ചതുവഴി കഞ്ചാവിന്‍റെ അംശവും ശരീരത്തിലുണ്ടാകാന്‍ കാരണമായെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിബിഐ കണ്ടെത്തി. കലാഭവന്‍ മണിയുടെ മരണം ആദ്യം അന്വേഷിച്ച പൊലീസും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇതെത്തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ മണിയുടെ സുഹൃത്തുക്കളെ ഉള്‍പ്പടെ ഏഴുപേരെ നുണപരിശോധനക്ക് വിധേയരാക്കിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. കൂടാതെ സിബിഐ നിയോഗിച്ച രാജ്യത്തെ വിദഗ്ദരായ ഡോക്ട്ർമാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ചതോടെ മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു. 2016 മാർച്ചിലായിരുന്നു കലാഭവൻ മണിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണം.