എറണാകുളം: ഏറെ നാടകീയമായ രംഗങ്ങൾക്കും കയ്യാങ്കളിക്കുമൊടുവിൽ ഇടതു മുന്നണിയിലെ കെ.എ. അൻസിയയെ കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി തെരെഞ്ഞെടുത്തു. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുത്തത്. കൊച്ചി മേയർ അഡ്വ എം.അനിൽകുമാർ സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോർപ്പറേഷൻ അഞ്ചാം ഡിവിഷൻ കൗൺസിലറാണ് സി.പി.ഐ പ്രതിനിധിയായ കെ.എ. അൻസിയ.
ഇടതുമുന്നണി അംഗങ്ങൾ വൈകിയെത്തിയെന്നും കലക്‌ടർ പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാരാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് ഇടതു മുന്നണി അംഗങ്ങൾ ഒപ്പ് രേഖപ്പെടുത്തുന്നതിനിടെ യു.ഡി എഫ് അംഗങ്ങൾ മിനിട്ട്‌സ് തട്ടിപ്പറിച്ചത് കയ്യാങ്കളിക്ക് കാരണമാകുകയും ഒപ്പ് രേഖപ്പെടുത്തിയ മിനിട്ട്‌സിലെ പേജ് യുഡിഎഫ് അംഗങ്ങൾ വലിച്ചു കീറുകയും ചെയ്‌തു. പരാതിയെ തുടർന്ന് ജില്ലാ കലക്‌ടർ എസ്. സുഹാസിന്‍റെ നേതൃത്വത്തിലാണ് ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടന്നത്.
എൽ ഡി എഫ്, യു ഡി എഫ് , ബി ജെ പി പ്രതിനിധികളായ കെ.എ.അൻസിയ, സീന ടീച്ചർ, അഡ്വ. പ്രിയ പ്രശാന്ത് എന്നിവരാണ് ഒന്നാം ഘട്ടത്തിൽ മത്സരിച്ചത്. ആദ്യ ഘട്ടത്തിൽ യഥാക്രമം 36, 32, അഞ്ച് വോട്ടുകൾ എൽ ഡി എഫ്, യു ഡി എഫ്, ബി ജെ പി കൗൺസിലർമാർ നേടി. 23-ാം ഡിവിഷൻ കൗൺസിലറായ ഇടതു വിമതൻ കെ.പി. ആന്‍റണി തെരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. തെരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പിൽ കെ.എ. അൻസിയ 36 വോട്ട് നേടി. ബി ജെ പി കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കുകയും എൽ ഡി എഫ് കൗൺസിലർമാർ വൈകി എത്തിയതിൽ പ്രതിഷേധിച്ച് യു ഡി എഫ് കൗൺസിലർമാർ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുൻപ് ഇറങ്ങി പോകുകയും ചെയ്തു.
രണ്ട് വിമത സ്ഥാനാർത്ഥികളുടെ പിന്തുണയോടെ കൊച്ചി കോർപ്പറേഷൻ ഭരണത്തിലേറിയ ഇടതുമുന്നണിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന വ്യക്തമായ സൂചന നൽകുന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ ആദ്യ ദിവസത്തെ പ്രകടനം.