എറണാകുളം: എ കെ ആന്‍റണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. ഭൂരിപക്ഷ സമുദായത്തിന്‍റെ വികാരങ്ങൾ മാനിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ പ്രസ്‌താവന തികഞ്ഞ കാപട്യമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരമൊരു പ്രചാരണം എ കെ ആന്‍റണി നടത്തുന്നത്.
ഭൂരിപക്ഷ സമുദായത്തെ കോണ്‍ഗ്രസിനെ പോലെ ദ്രോഹിച്ച മറ്റൊരു പാർട്ടിയും ഇന്ത്യ രാജ്യത്തില്ലെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഭൂരിപക്ഷ വിരുദ്ധതയും ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടും കോൺഗ്രസ് ചെയ്‌തതുപോലെ ഇന്ത്യയിൽ മറ്റൊരു പാർട്ടിയും ചെയ്‌തിട്ടില്ല. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെതിരായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
എ കെ ആന്‍റണി പ്രതിരോധ മന്ത്രിയായിരിക്കുമ്പോഴാണ് രാജ്യത്തിന്‍റെ ഏറ്റവും വലിയ ഭീഷണി കാവി ഭീകരതയാണെന്ന് കോൺഗ്രസ് പറഞ്ഞത്. എ കെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മാറാട് കൂട്ടക്കൊല നടന്നത്. ജുഡീഷ്യൽ അന്വേഷണത്തിലെ കണ്ടെത്തെലുകൾ നിരാകരിച്ച് അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് എ കെ ആന്‍റണി അന്ന് തയ്യാറായത്. മറാട് കലാപത്തിൽ പോപ്പുലർ ഫ്രണ്ടിന് അനുകൂലമായ നിലപാടാണ് എ കെ ആന്‍റണി സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഭരിക്കാൻ അവസരം കിട്ടിയ വേളയിലെല്ലാം ഭൂരിപക്ഷ സമുദായത്തിന് എതിരായ നിലപാടാണ് എ കെ ആന്‍റണി സ്വീകരിച്ചതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പുറമെ ഭൂരിപക്ഷ പ്രേമം പറയുകയും ന്യൂനപക്ഷ വർഗീയതയെ താലോലിക്കുകയും ചെയ്യുന്ന നേതാവാണ് എ കെ ആന്‍റണി. കോൺഗ്രസിന്‍റെ അന്ത്യം അടുത്തുവെന്ന തിരിച്ചറിവാണ് ആന്‍റണിയുടെ പ്രസ്‌താവന വ്യക്തമാക്കുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
അരിയിൽ ഷുക്കൂർ വധക്കേസിനെക്കുറിച്ച് കെ സുരേന്ദ്രൻ: ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെ രക്ഷപ്പെടുത്താൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന് അഭിഭാഷകർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് അതീവ ഗൗരവമായ ആരോപണമാണ്. സിപിഎം കുഞ്ഞാലിക്കുട്ടിയെയും തിരിച്ചും സഹായിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ലീഗ് അതിവേഗം സിപിഎം ഭാഗത്തേക്ക് പോകാനുള്ള സൂത്രപണികളാണ് ഇപ്പോൾ നടത്തുന്നത്. യുഡിഎഫിൽ നിന്ന് തന്നെ ലീഗ് സിപിഎം സഹയാത്രികരായാണ് പ്രവർത്തിച്ചത്. ഇനി പരസ്യമായ ബാന്ധവമാണ് കേരളത്തിൽ വരാൻ പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഇ പി ജയരാജനെതിരായ വിവാദത്തിൽ സംസ്ഥാന ഏജൻസികൾ അന്വേഷിക്കുകയോ കേന്ദ്ര ഏജൻസികൾക്ക് അന്വേഷണം കൈമാറുകയോ ചെയ്യണം. പാർട്ടി അന്വേഷിക്കുമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് ചൈനയോ കമ്മ്യൂണിസ്റ്റ് രാജ്യങ്ങമോ അല്ല ജനാധിപത്യ രാജ്യമാണ്. രാജ്യത്തെ നിയമപ്രകാരമുള്ള വിശദമായ അന്വേഷണമാണ് നടത്തേണ്ടതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Also read: ജയരാജനെതിരായ ആരോപണം ഉള്‍പാര്‍ട്ടി പ്രശ്‌നമല്ല, സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍