എറണാകുളം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരൻ. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ പിണറായി വിജയന്‍ തയ്യാറാകണം. അതിന് അദ്ദേഹത്തെ വെല്ലുവിളിക്കുന്നതായും കെ.സുധാകരൻ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഓഫ് ദ റെക്കോഡ് പ്രസിദ്ധീകരിക്കുന്നത് മാധ്യമ ധർമമല്ല
തന്‍റേതായി വന്ന അഭിമുഖത്തിലെ എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞതല്ല. ബ്രണ്ണൻ കോളജിലെ കെ.എസ്.യു, കെ.എസ്.എഫ് സംഘർഷത്തിനിടെ അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാൻ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകൻ പറഞ്ഞതുകൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങൾ പറഞ്ഞത്.
ചതിയുടെ ശൈലിയിൽ ഇക്കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തതിന്‍റെ കുറ്റം എനിക്കല്ല. പ്രസിദ്ധീകരിച്ച മാധ്യമത്തിനാണ്. പിണറായി വിജയനെ ചവിട്ടി താൻ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യമില്ല. ബ്രണ്ണൻ കോളേജിൽ അന്ന് എന്താണ് നടന്നത് പറയാൻ ആഗ്രഹിക്കുന്നില്ല.
മാധ്യമ പ്രവർത്തകർ അത് അന്വേഷിച്ച് കണ്ടെത്തുക. വേണമെങ്കിൽ അന്ന് അവിടെയുണ്ടായിരുന്ന വിദ്യാർഥികളെയും അധ്യാപകരെയും മാധ്യമങ്ങൾക്ക് മുമ്പിൽ ഹാജരാക്കാമെന്നും കെ സുധാകരൻ പറഞ്ഞു.
പിണറായി പേര് പറയാത്തത് എന്തുകൊണ്ട് ?
മക്കളെ തട്ടിക്കൊണ്ടുപോകാൻ താൻ പദ്ധതിയിട്ടെന്ന് വിവരം നല്‍കിയ ആളുടെ പേര് പിണറായി വിജയന്‍ പറയാത്തത് എന്ത് കൊണ്ടാണ്? അദ്ദേഹം മരിച്ചെന്നാണ് പറയുന്നത്. അയാളുടെ പേര് എന്തുകൊണ്ട് പറയുന്നില്ല.
സ്വന്തം കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട വിവരം എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല. ഭാര്യയോട് പോലും പറഞ്ഞില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ.
READ MORE: "ഇങ്ങനെ പൊങ്ങച്ചം പറയാമോ?" കെ. സുധാകരനോട് മുഖ്യമന്ത്രി
സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ അദ്ദേഹം എഴുതി വായിക്കേണ്ടതുണ്ടോ. അനുഭവം എഴുതി വായിക്കേണ്ട അവസ്ഥ മറ്റാര്‍ക്കുമുണ്ടാവില്ല. ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് എനിക്കെങ്ങനെയാണ് ഫിനാന്‍ഷ്യര്‍ ഉണ്ടാവുക.
'വിദേശ കറൻസി ഇടപാട് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍'
തനിക്ക് കറൻസി ഇടപാടുണ്ടെന്നാണ് പറയുന്നത്. അഞ്ചുവർഷം കേരളം ഭരിച്ച മുഖ്യമന്ത്രിയാണ്. വിദേശ കറൻസി ഇടപാട് നടത്തിയത് പിണറായിയുടെ നേതൃത്വത്തിലാണ്. അത് എല്ലാവരും അറിഞ്ഞതാണ്.
നാല് വർഷം സ്വപ്‌ന സുരേഷിനെ കൂടെ കൊണ്ടുനടന്നു. എന്നിട്ട് അവസാനം തനിക്കറിയില്ലെന്ന് പറഞ്ഞു. കൊച്ചുകുട്ടികൾ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. മണല്‍മാഫിയയുമായി എനിക്ക് ബന്ധമുണ്ടെങ്കില്‍ അത് അന്വേഷിക്ക്.
ഭരണം പിണറായിയുടെ കൈകളിലല്ലേ. കള്ളപ്പണ ഇടപാടുണ്ടെങ്കില്‍ അതും അന്വേഷിക്ക്. പാര്‍ട്ടി ഓഫീസിനുവേണ്ടിയുള്ള ഫണ്ടോ, രക്തസാക്ഷി കുടുംബങ്ങള്‍ക്ക് വേണ്ടി പിരിച്ച തുകയിലോ ക്രമക്കേടുണ്ടെങ്കില്‍ അന്വേഷിക്കാന്‍ തന്‍റെ പാര്‍ട്ടിയുണ്ട്.
പിണറായി വിജയന്‍റെ നിർദേശത്തിൽ സിപിഎം വെട്ടിക്കൊന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെ സഹായിക്കുകയാണ് ഞങ്ങളിപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത്.
പിണറായി ഉണ്ട കൊണ്ടുനടന്നത് പുഴുങ്ങി തിന്നാനോ ?
വെടിയുണ്ട കണ്ടെടുത്തത് എന്‍റെ കയ്യില്‍ നിന്നല്ല. പിണറായി വിജയനിൽ നിന്നാണ്. തോക്കുമായി നടക്കുന്ന പിണറായിയാണോ മാഫിയ, ഒരു തോക്ക് പോലും ഇതുവരെ വാങ്ങാത്ത ഞാനാണോ മാഫിയ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ.
തനിക്കെതിരെ ഒരൊറ്റ കൊലക്കേസ് പോലും ഇല്ല. വാടിക്കൽ രാമകൃഷ്ണൻ്റെ കൊലക്കേസിൽ ഒന്നാം പ്രതിയാണ് പിണറായി. ഏറെക്കാലം സഹായിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ പിണറായിയുടെ അറിവോടെ കൊലപ്പെടുത്തി.
READ MORE: സുധാകരൻ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ സംഭവം അറിയില്ലെന്ന് മമ്പറം ദിവാകരൻ
നാൽപ്പാടി വാസു കേസിൽ താനല്ല ഗൺമാനാണ് പ്രതി. കഴിഞ്ഞ കാലങ്ങളിൽ ഒരു സിപിഎം പ്രവർത്തകൻ മാത്രമാണ് കോൺഗ്രസ് പ്രവർത്തകരാൽ കൊല്ലപ്പെട്ടത്. എന്നാൽ 28 കോൺഗ്രസ് പ്രവർത്തകരാണ് സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അതുപോലെ മറുപടി പറയാൻ എനിക്ക് സാധിക്കില്ല. യഥാർഥ പിണറായിയെ ആണ് ഇന്നലെ കണ്ടത്. താൻ ഇരിക്കുന്ന കസേരയുടെ മഹത്വം പിണറായിയുടെ അതേ ഭാഷയിൽ മറുപടി പറയാൻ തന്നെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ പ്രകോപിതനായി അദ്ദേഹം തട്ടിക്കയറുകയും ചെയ്‌തു. ചോദ്യങ്ങളും ശമ്പളവും കിട്ടുന്നത് എകെജി സെന്‍ററില്‍ നിന്നാണോയെന്നായിരുന്നു കെ സുധാകരന്‍റെ ചോദ്യം.