എറണാകുളം: സുരക്ഷിതമായി തലചായ്ക്കാൻ ഒരിടം സ്വപ്‌നം കാണുന്ന ട്രാൻസ് ജെൻഡർ സമൂഹത്തിന് തണലാവുകയാണ് എറണാകുളം കാക്കനാട്ടെ ജ്യോതിഷ് ഭവൻ എന്ന അഭയ കേന്ദ്രം.
സംസ്‌ഥാനത്തെ രണ്ടാമത്തെ സർക്കാർ സംവിധാനത്തിൽ ഉള്ള ട്രാൻസ് അഭയ കേന്ദ്രമാണിത്. നിലവിൽ ഇവിടെ വിദ്യാർഥിനികൾ ഉൾപ്പെടെ 9 ട്രാൻസ് വനിതകൾ അന്തിയുറങ്ങുന്നു. പഠിക്കാനും, കളിക്കാനും, കൂട്ടുകൂടാനും ഉള്ള ചുറ്റുപാടും സൗകര്യങ്ങളും ജ്യോതിഷ് ഭവൻ നൽകുന്നുണ്ടെന്നും, ഈ അഭയ കേന്ദ്രം സമൂഹത്തിന് മാതൃക സൃഷ്‌ടിക്കുന്നുണ്ടെന്നും ട്രാൻസ്ജെൻഡർ വിദ്യാർഥിനികൾ ഇടിവി ഭാരതിനോട് പറഞ്ഞു.
സമൂഹത്തിൽ നിന്ന് അവഗണനയും ദുരിതവും ഏറ്റുവാങ്ങുന്ന ട്രാൻസ്ജെൻഡറുകൾക്ക് സുരക്ഷിത കേന്ദ്രമെന്ന നിലക്കാണ് നാല് വർഷമായി അഭയകേന്ദ്രം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ജ്യോതിഷ് ഭവനിൽ കൂടുതൽ മികവാർന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അഭയകേന്ദ്രത്തിന്‍റെ നടത്തിപ്പുകരായ സിസ്റ്റർ ടെസ്ലിനും,സിസ്റ്റർ രമ്യ തെരെസും പ്രതികരിച്ചു.
സിഎംസി വിമല പ്രൊവിൻസാണ് അഭയകേന്ദ്രം നടത്തുന്നത്. ജില്ലാ സാമൂഹിക നീതി വകുപ്പിന്‍റെ നേതൃത്വത്തിൽ സർക്കാർ സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പദ്ധതികൾ അഭയകേന്ദ്രത്തിൽ തയ്യാറാക്കുന്നുണ്ട്.