എറണാകുളം: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഓംബുഡ്‌സ്‌മാന്‍ ജസ്റ്റിസ് വി. രാംകുമാര്‍ ഹൈക്കോടതിയില്‍. കെസിഎ പ്രസിഡന്‍റ് സാജന്‍ കെ. വര്‍ഗീസ്, സെക്രട്ടറി ശ്രീജിത് വി.നായര്‍, ബിസിസിഐ നിയുക്ത സെക്രട്ടറി ജയേഷ് ജോര്‍ജ് എന്നിവര്‍ക്കെതിരെ സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. അവധി ദിവസം ഓഫീസിൽ അതിക്രമിച്ചു കയറി ക്രിമിനൽ നടപടികളിലൂടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ തന്നെ പദവിയിൽ നിന്ന് ഒഴിവാക്കിയതെന്ന് ജസ്റ്റിസ് വി.രാംകുമാര്‍ വ്യക്തമാക്കി.
പുതിയ ഓംബുഡ്‌സ്‌മാന്‍ ചുമതലയേറ്റ വിവരം അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്ന് വർഷത്തേക്കാണ് നിയമനമെന്ന് വ്യക്തമാക്കി 2017 ഒക്ടോബർ പത്തിനാണ് തന്നെ ഓംബുഡ്‌സ്‌മാനായി നിയമിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ഈ വർഷം ഒക്ടോബർ പതിനൊന്നിന് ചേർന്ന കെസിഎയുടെ പ്രത്യേക പൊതു യോഗത്തിൽ കാലാവധി വീണ്ടും നീട്ടുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഒന്നും അറിയിച്ചില്ല. ജയേഷ് ജോർജിനെതിരായ അഴിമതിക്കേസ് ഒക്ടോബർ പതിനഞ്ചിന് അന്തിമവാദത്തിന് വച്ചിരുന്നു. സെക്രട്ടറി ശ്രീജിത് വി. നായരുടെ ചില ക്രമക്കേടുകൾ തുറന്നു കാട്ടാനും അവസരം ലഭിച്ചു. ഇതിനിടെ ഒക്ടോബർ പന്ത്രണ്ടിന് പൊതു അവധി ദിവസം പുതിയ ഓംബുഡ്‌സ്‌മാനായി റിട്ട. ജസ്റ്റിസ് കെ. പി. ജ്യോതീന്ദ്രനാഥിനെ നിയമിച്ചതായി കെസിഎ മെയില്‍ മുഖേന അറിയിച്ചു.
പുതിയ ഓംബുഡ്‌സ്‌മാന് ചുമതല കൈമാറിയ രീതി നിയമപരമല്ല. അവധി ദിവസം തന്‍റെ സമ്മതമോ അറിവോ ഇല്ലാതെ നിയുക്ത ഓംബുഡ്‌സ്‌മാനുമായി എത്തി ചുമതല കൈമാറാൻ കെസിഎ ഭാരവാഹികൾക്ക് കഴിയില്ല. മുൻകൂട്ടി അറിയിച്ച് ഓഫീസിലെത്തി രേഖകൾ സ്വീകരിക്കുകയാണ് വേണ്ടിയിരുന്നത്. ഹൈക്കോടതി നിർദേശമുള്ളതിനാൽ രേഖകളും കേസ് ഫയലും കൈമാറിയിട്ടില്ല. ജയേഷ് ജോർജ്, ശ്രീജിത് വി. നായർ, അഡ്വ. കെ.എൻ. അഭിലാഷ് തുടങ്ങിയവർ ചേർന്നാണ് ക്രിമിനൽ നടപടികൾ ആസൂത്രണം ചെയ്തത്. കാലാവധി നീട്ടില്ലെന്ന സൂചന നൽകിയിരുന്നെങ്കിൽ താൻ സ്ഥാനം ഒഴിയാൻ തയാറായിരുന്നു. ഓംബുഡ്‌സ്‌മാനെന്ന നിലയിൽ നന്നായി പ്രവർത്തിക്കാനാകുമെന്നാണ് കരുതുന്നത്. അല്ലാത്തപക്ഷം കൈവശമുള്ള രേഖകൾ കൈമാറാൻ അനുവദിക്കണമെന്ന് സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.