എറണാകുളം: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ (സ്‌പോര്‍ട്‌സ്) പിടി ബേബി അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായറാഴ്‌ച (ജൂലൈ 9) ഉച്ചയ്‌ക്ക് ഒരു മണിക്ക് നീറാംമുകള്‍ സെയ്‌ന്‍റ് പീറ്റേഴ്‌സ് ആന്‍ഡ് സെയ്‌ന്‍റ് പോള്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും.
വിടവാങ്ങിയത് മാധ്യമ രംഗത്തെ സജീവ സാന്നിധ്യം: 1996ല്‍ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ ജേണലിസ്റ്റ് ട്രെയിനിയായി ചേര്‍ന്നാണ് പി.ടി ബേബി തന്‍റെ പത്ര പ്രവർത്തന ജീവിതം ആരംഭിച്ചത്. കോഴിക്കോട് സെന്‍ട്രല്‍ ഡസ്‌കില്‍ സബ് എഡിറ്ററായ അദ്ദേഹം പിന്നീട് ദീര്‍ഘ കാലം മാതൃഭൂമിയുടെ സ്‌പോര്‍ട്‌സ് വിഭാഗത്തിന്‍റെ പ്രധാന ചുമതല വഹിച്ചിരുന്നു. ഒളിമ്പിക്‌സ്, ലോകകപ്പ് ഫുട്‌ബോള്‍, ലോകകപ്പ് ക്രിക്കറ്റ് എന്നീ മൂന്ന് കായിക മഹാമേളകള്‍ റിപ്പോര്‍ട്ട് ചെയ്‌ത പത്ര പ്രവര്‍ത്തകനെന്ന ബഹുമതിയ്‌ക്ക് ഉടമയാണ് പി.ടി ബേബി.
2011ല്‍ ഇന്ത്യയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമായി നടന്ന ക്രിക്കറ്റ് ലോകകപ്പ്, 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ്, 2018ല്‍ റഷ്യ വേദിയായ ലോകകപ്പ് ഫുട്‌ബോള്‍ എന്നിവയാണ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതിന് പുറമെ ഐ.പി.എല്‍, സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ്, ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ തുടങ്ങി ഒട്ടേറെ കായിക മേളകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊച്ചിയില്‍ സീനിയര്‍ സബ് എഡിറ്ററായും ചീഫ് സബ് എഡിറ്ററായും ചീഫ് റിപ്പോര്‍ട്ടറായും ആലപ്പുഴയില്‍ ചീഫ് സബ് എഡിറ്ററായും പ്രവര്‍ത്തിച്ച ശേഷം 2018ലാണ് കോഴിക്കോട് സ്‌പോര്‍ട്‌സ് ന്യൂസ് എഡിറ്ററായി ചുമതലയേറ്റത്.
അര്‍ജന്‍റീന ലോകകപ്പ് നേടിയപ്പോള്‍ 'മെസി മുത്തം' എന്ന തലക്കെട്ടോടെ ബേബി രൂപകല്‍പന ചെയ്‌ത മാതൃഭൂമിയുടെ ഒന്നാം പേജ് ന്യൂസ് പേപ്പര്‍ ഡിസൈന്‍ വെബ്‌സൈറ്റിന്‍റെ അന്താരാഷ്ട്ര ന്യൂസ് പേപ്പര്‍ ഡിസൈന്‍ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടി. ഈ പുരസ്‌കാരത്തില്‍ വെങ്കലവും ബേബി രൂപകല്‍പന ചെയ്‌ത പേജിനായിരുന്നു. പെലെ അന്തരിച്ചപ്പോഴുള്ള കെടാവിളക്ക് എന്ന പേജിനായിരുന്നു പുരസ്‌കാരം.
എറണാകുളം ജില്ലയിലെ ഏഴക്കരനാട് പുളിക്കല്‍ വീട്ടില്‍ പരേതരായ തോമസിന്‍റെയും റാഹേലിന്‍റെയും മകനാണ് പിടി ബേബി. പരേതയായ സിനിയാണ് ഭാര്യ. ഷാരോണ്‍, ഷിമോണ്‍ എന്നിവർ മക്കളാണ്.
മലയാളി മാധ്യമ പ്രവര്‍ത്തക മരിച്ച നിലയില്‍: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മലയാളി മാധ്യമ പ്രവര്‍ത്തകയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മാധ്യമ പ്രവര്‍ത്തകയായ കാസര്‍കോട് സ്വദേശിയായ ശ്രുതിയെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയിട്ടേഴ്‌സ് ബെംഗളൂരു ഓഫിസിലെ സബ് എഡിറ്ററായിരുന്നു ശ്രുതി. ബെംഗളൂരു നല്ലൂറഹള്ളിയില്‍ ഭര്‍ത്താവുമായി ഒരുമിച്ചായിരുന്നു താമസം. ഭര്‍ത്താവ് നാട്ടിലേക്ക് പോയ സമയത്തായിരുന്നു മരണം. മലയാളി മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ ബെംഗളൂരു പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
Also Read: Kerala Weather Update| കേരളത്തിൽ ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്