എറണാകുളം : ജനതാദൾ (എസ്) സംസ്ഥാന നേതൃയോഗം കൊച്ചിയിൽ തുടങ്ങി. ദേശീയ ഘടകം എൻഡിഎയുടെ ഭാഗമായ സാഹചര്യത്തിൽ രൂപപ്പെട്ട പ്രതിസന്ധികള്‍ ചർച്ച ചെയ്‌ത് പരിഹരിക്കാനാണ് യോഗം ചേരുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ നേരത്തെ ചേര്‍ന്ന രണ്ട് നേതൃയോഗത്തിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും യോഗം ചേര്‍ന്നത്.
ദേശീയ നേതൃത്വം എൻഡിഎ സഖ്യമുണ്ടാക്കിയതിനെ കേരള ഘടകം പരസ്യമായി തള്ളി പറഞ്ഞിരുന്നു. ദേശീയ സമിതികളിൽ ചർച്ച ചെയ്യാതെയെടുത്ത തീരുമാനം സംഘാന വിരുദ്ധമാണെന്നാണ് കേരള നേതൃത്വത്തിന്‍റെ നിലപാട്. അതേസമയം ദേശീയ തലത്തിൽ എൻഡിഎയുടെ ഭാഗമായ ജെഡിഎസ് കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായി തുടരുന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നിലവിലെ പ്രതിസന്ധിയിൽ കൊച്ചിയിലെ ഇന്നത്തെ യോഗത്തോടെ തീരുമാനമുണ്ടാകുമെന്ന് സംസ്ഥാന നേതാക്കൾ ആവർത്തിക്കുന്നത്.
വിശദമായ ചർച്ച നടത്തി ഇക്കാര്യത്തിൽ സംസ്ഥാന നേതൃയോഗം തീരുമാനമെടുക്കും. ബിജെപിയുമായി സഹകരിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് കേരള ഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തങ്ങളാണ് യഥാർഥ ജെഡിഎസ് എന്ന അവകാശവാദമുയർത്തി മുന്നോട്ട് പോകാൻ കഴിയുമോയെന്നാണ് സംസ്ഥാന ഘടകം പരിശോധിക്കുന്നത്. ഈ വിഷയത്താൽ ഉടൻ തീരുമാനമെടുക്കണമെന്നാണ് നീല ലോഹിതദാസ് നടാർ, സി കെ നാണു എന്നിവർ ഉൾക്കൊളളുന്ന വിഭാഗത്തിന്‍റെ ആവശ്യം.
എന്നാൽ തങ്ങളുടെ എംഎൽഎ സ്ഥാനം സംരക്ഷിച്ചുള്ള പ്രശ്‌ന പരിഹാരത്തിന് വേണ്ടിയാണ് സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസും, മന്ത്രി കൃഷണൻ കുട്ടിയും വാദിക്കുന്നത്. കൂറുമാറ്റ നിരോധന നിയമ പ്രശ്‌നങ്ങൾ എങ്ങിനെ അതിജീവിച്ച് മുന്നോട്ട് പോകാൻ കഴിയുമെന്നും ജെഡിഎസ് നേതൃയോഗം ചർച്ച ചെയ്യുകയാണ്. ബിജെപി മുന്നണിയുടെ ഭാഗമായി നിന്ന് സംസ്ഥാനത്ത് ഇടതുമുന്നണിയിൽ തുടരാനാകില്ലെന്ന് സിപിഎം ജനതാദൾ എസ് നേതൃത്വത്തെ അറിയിച്ചിരുന്നു. പുതിയൊരു പാർട്ടി രൂപീകരിച്ചോ അല്ലെങ്കില്‍ മറ്റൊരു പാർട്ടിയില്‍ ലയിച്ചോ നിലവിലെ പ്രതിസന്ധിയെ അതിജീവിക്കുന്നതിനും ജെഡിഎസ് സംസ്ഥാന ഘടകത്തിന് മുമ്പിൽ നിയമപരമായ പ്രശ്‌നങ്ങൾ ഉണ്ട്.
കൂറുമാറ്റ നിരോധന നിയമത്തിലെ ഭേദഗതി അനുസരിച്ച് ഒരു പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ മറ്റൊരു പാർട്ടിയിൽ ചേരുകയോ, പുതിയൊരു പാർട്ടി രൂപീകരിക്കുകയോ ചെയ്‌താൽ അവരുടെ നിയമസഭയിലെ അംഗത്വം അസാധുവാക്കപ്പെടും. നിലവിൽ കേരളത്തിൽ ജെഡിഎസിന് രണ്ട് എംഎൽഎമാരാണുള്ളത്. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസും.
ഇരുവരുടെയും സഭയിലെ അംഗത്വം നിലനിർത്തിയും ദേശീയ ഘടകവുമായുള്ള ബന്ധം വേർപ്പെടുത്തിയുമുള്ള ഒരു ഫോർമുലയായിരിക്കും സംസ്ഥാന ഘടകം ആസൂത്രണം ചെയ്യുക. അത്തരം വിഷയങ്ങളിലെ നിയമ സാധുത ഉൾപ്പടെ പരിശോധിച്ചായിരിക്കും സംസ്ഥാന ഘടകം നിർണായകമായ തീരുമാനത്തില്‍ എത്തിച്ചേരുക. മന്ത്രി കൃഷ്‌ണൻകുട്ടി ഉൾപ്പെടെ സംസ്ഥാനത്തെ ദേശീയ ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എറണാകുളം വൈഎംസിഎ ഹാളിൽ സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസിന്‍റെ അധ്യക്ഷതയിലാണ് നേതൃയോഗം പുരോഗമിക്കുന്നത്.