എറണാകുളം: പ്രളയദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേട് നടത്തിയ കേസിൽ കൊച്ചിയിൽ ഒരാൾ അറസ്റ്റിൽ. കാക്കനാട് കലക്‌ടറേറ്റിലെ ക്ലർക്ക് വിഷ്‌ണു പ്രസാദിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സർവ്വീസിൽ നിന്നും നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. പ്രളയ ദുരിതാശ്വാസ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്താൻ ജില്ലാ കലക്‌ടർ പൊലീസിന് നിർദേശം നൽകിയിരുന്നു. തുടർന്നാണ് ജില്ലാ ക്രൈബ്രാഞ്ചിന് കേസ് കൈമാറിയത്. വിഷ്‌ണു പ്രസാദിനെ ഇന്ന് കലക്‌ടറേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
സിപിഎം തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം അൻവറിന്‍റെ അക്കൗണ്ടിലേക്ക് പത്തര ലക്ഷം രൂപം ദുരിതാശ്വാസ ഫണ്ടിൽ നിന്നും ട്രാൻസ്‌ഫർ ചെയ്‌തതായി കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ജില്ലാ കലക്‌ടർ നടത്തിയ അന്വേഷണത്തിലാണ് പ്രളയ ദുരിതാശ്വാസ ചുമതലയുണ്ടായിരുന്ന വിഷ്‌ണു പ്രസാദിന്‍റെ പങ്ക് വ്യക്തമായത്. ഈ കേസിലെ മറ്റു പ്രതികളായ അൻവർ, മഹേഷ് എന്നിവർ ഒളിവിലാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് യൂത്ത് കോൺഗ്രസ് കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.